സന്ദർശനം മൊഴിയെടുക്കാനുള്ള നീക്കത്തിനിടെ
സാമ്പത്തിക ബാധ്യതകള്‍ സൂചിപ്പിച്ച് എന്‍ എം വിജയന് നേരത്തെ സുധാകരന് കത്തയച്ചിരുന്നു
ജീവനൊടുക്കിയ ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഇന്ന് സന്ദര്‍ശിക്കും. വൈകുന്നേരം നാല് മണിയോടെയാണ് സുധാകരന്റെ സന്ദര്‍ശനം. കേസില്‍ സിപിഐഎം അധ്യക്ഷന്‍ കെ സുധാകരനെ ആവശ്യമെങ്കില്‍ ചോദ്യം ചെയ്യുമെന്ന നിലപാടിലാണ് അന്വേഷണസംഘം. ഇതിനിടെയാണ് ഇന്ന് കെ സുധാകരന് എന്‍ എം വിജയന്റെ വീട്ടിലെത്തുന്നത്.
സാമ്പത്തിക ബാധ്യതകള്‍ സൂചിപ്പിച്ച് എന്‍ എം വിജയന് നേരത്തെ സുധാകരന് കത്തയച്ചിരുന്നു. സുധാകരൻ ജില്ലയിലെത്തുന്ന ദിവസവും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്, മുന്‍ ഡിസിസി ട്രഷറര്‍ കെകെ ഗോപിനാഥന് എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരും. എന്‍ഡി അപ്പച്ചനെ ഇന്നലെ കല്പറ്റയിലെ ഡിസിസി ഓഫീസിലെത്തിച്ച് അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. വിജയന്റെ ഒപ്പും കൈയ്യക്ഷരവും ഒത്തു നോക്കി ഓഫീസിലെ രേഖകള്‍ പരിശോധന നടത്തിയെന്നാണ് വിവരം.
മൂന്നാംപ്രതി മുന്‍ കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്റെ വീട്ടില്‍ നിന്ന് കേസുമായി ബന്ധമുള്ള രേഖകള്‍ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. രണ്ടാം പ്രതി അപ്പച്ചന് മൂന്നാം, പ്രതി ഗോപിനാഥന് എന്നിവരെ മൂന്നുദിവസം ചോദ്യംചെയ്യാനും കല്‍പ്പറ്റ ചീഫ് സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. ഒന്നാംപ്രതി ഐസി ബാലകൃഷ്ണന് എംഎല്‍എ 24ന് അന്വേഷണ സംഘത്തിന് മുന്പില് ചോദ്യം ചെയ്യാനായി ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്.