കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ ഉടൻ മാറ്റില്ലെന്ന് അറിയിച്ച് ഹൈക്കമാൻഡ്. സുധാകരനെ വിശ്വസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. നേതൃമാറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിൽ അഭിപ്രായഭിന്നത നിലനിന്നിരുന്നു. ഇതിൽ സുധാകരൻ അതൃപ്തി അറിയിച്ചതിനുപിന്നാലെയാണ് ഹൈക്കമാൻഡ് മറുപടി നൽകിയത്
കേരളത്തിന്റെ ചുമതലയുളള നേതാവ് ദീപാ ദാസ് മുൻഷി നടത്തിയത് പുനഃസംഘടനാ ചർച്ചകൾ മാത്രമാണെന്നും ഹൈക്കമാൻഡ് അറിയിച്ചു. ഈ വിഷയത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനും മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. കോൺഗ്രസിൽ നേതൃമാറ്റവുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ സുധാകരന് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ല. അദ്ദേഹം നന്നായി പ്രവർത്തിക്കുന്നുണ്ട്. അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ നടത്തുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.അടുത്ത നിമയസഭാ തിരഞ്ഞെടുപ്പുവരെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയില്ലെന്ന് നിലപാടായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സുധാകരൻ സ്വീകരിച്ചിരുന്നത്. ഈ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുകയാണെങ്കിൽ പ്രതിപക്ഷസ്ഥാനത്ത് നിന്ന് വി ഡി സതീശൻ മാറണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയാൽ ലോക്‌സഭാംഗത്വം രാജിവയ്‌ക്കുമെന്നും സുധാകരൻ ഭീഷണി മുഴക്കിയിരുന്നു.സുധാകരൻ മാറേണ്ടതില്ലെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും നിലപാട് വ്യക്തമാക്കിയിരുന്നു. ഇന്ന് കണ്ണൂരിൽ സുധാകരനും കെ സി വേണുഗോപാലും കൂടിക്കാഴ്‌ച നടത്തും