കെ.എസ്.ആർ.ടി.സി ബസുകളില്‍ മാലിന്യം നിക്ഷേപിക്കാൻ ചവറ്റുകുട്ടകള്‍ സ്ഥാപിക്കാൻ തീരുമാനം. ‘മാലിന്യമുക്തം നവകേരളം’ പരിപാടിയുടെ ഭാഗമായാണ് നടപടി.
മന്ത്രിമാരായ എം.ബി. രാജേഷിന്റെയും കെ.ബി. ഗണേഷ് കുമാറിന്റെയും നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. ദീർഘദൂര ബസുകളില്‍ കൃത്യമായ ഇടവേളകളില്‍ മാലിന്യം നീക്കംചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തും. ഡിപ്പോകളിലും ആവശ്യമായ വേസ്റ്റ് ബിന്നുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും സജ്ജമാക്കും.
ബസുകളില്‍ ‘മാലിന്യം വലിച്ചെറിയരുത്’ എന്ന ബോർഡും വെക്കും. ഡിപ്പോകളിലും മാലിന്യപ്പെട്ടികളും മാലിന്യസംസ്കരണ സംവിധാനങ്ങളും സജ്ജമാക്കും. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള പ്രധാന ഡിപ്പോകളില്‍ ഇ.ടി.പി.കള്‍ (എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്) തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപിക്കും. മൊബൈല്‍ ഇ.ടി.പി.യുടെ ലഭ്യതയും തേടും.
അതേസമയം, ക്രിസ്മസ്, പുതുവർഷം പ്രമാണിച്ച് കെ.എസ്.ആർ.ടി.സി കൂടുതല്‍ സർവ്വീസുകള്‍ നടത്തും. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍നിന്ന് കോയമ്ബത്തൂർ, ബംഗളൂരു, ചെന്നൈ, നാഗർകോവില്‍ എന്നിവിടങ്ങളിലേക്കാണ് അധിക സർവ്വീസ്. പ്രതിദിന സർവ്വീസുകള്‍ക്കു പുറമെ 90 അധിക സർവ്വീസുകള്‍ നടത്താനാണ് ശ്രമം.