കാട്ടാനയുടെ ആക്രമണത്തിൽ വാളയാറിൽ കർഷകന് പരിക്ക്. കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമിച്ച വിജയനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. കൃഷിസ്ഥലത്ത് എത്തിയ വിജയന്റെ സമീപത്തേയ്ക്ക് കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.
ആനയുടെ ആക്രമണത്തിന് പിന്നാലെ ഇയാളെ നാട്ടുകാർ ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിജയന്റെ ആരോഗ്യനിലയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
അതേസമയം, മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജി കടുവയ്ക്കായി ഇന്ന് വനം വകുപ്പ് തിരച്ചിൽ ശക്തമാക്കും. കൂടുതൽ ഉദ്യോഗസ്ഥർ ഇവിടേയ്ക്ക് എത്തിയിട്ടുണ്ട്. തിരച്ചിലിനായി തെർമൽ ഡ്രോണും ഉപയോഗിക്കും. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുളള സംഘവും സ്ഥലത്തെത്തും.കഴിഞ്ഞ ദിവസം തന്നെ കടുവയെ വെടിവച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ എസ്.ഒ.പി പ്രകാരം പ്രത്യേക സമിതി രൂപീകരിച്ചു കൊണ്ട് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ സമിതി യോഗം ചേർന്ന് ശുപാർശ ചെയ്തത് കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. എസ്.ഒ.പി പ്രകാരമുള്ള മറ്റ് നടപടി ക്രമങ്ങൾ പാലിച്ച് തുടർനടപടികൾ എടുത്ത് വരികയാണ്. കൂട് സ്ഥാപിച്ച് കടുവയെ പിടിക്കാനോ മയക്കുവെടിവെച്ച് പിടിച്ച് ജനവാസമേഖലയല്ലാത്ത പ്രദേശത്തേക്ക് മാറ്റുകയോ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ വെടിവെയ്ക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്.മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോട് ചേർന്നാണ് ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് പതിനൊന്ന് മണിക്കായിരുന്നു സംഭവം. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. രാവിലെ വനത്തോട് ചേർന്ന് പരിശോധന നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. കാപ്പി പറിക്കാൻ സ്വകാര്യ തോട്ടത്തിലേക്കുപോയ രാധയെ കടുവ കൊല്ലുകയായിരുന്നു.