കൂളിയങ്കാലില്‍ സംഘര്‍ഷം: പൊലീസ് ഇൻസ്പെക്ടര്‍ക്ക് പരിക്ക്

കൂളിയങ്കാലില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻസ്പെക്ടർക്ക് പരിക്കേറ്റു.

സംഘർഷത്തിനിടെ ഇൻസ്പെക്ടറുടെ പൊട്ടിയ ലാത്തിയുടെ ഒരു ഭാഗം കൈക്കലാക്കിയ യുവാവ്, തിരിച്ചു ആക്രമിക്കുകയായിരുന്നു.

പൊലീസ് ഇൻസ്പെക്ടറുടെ കണ്ണിനാണ് പരിക്കേറ്റത്. പൊലീസുദ്യോഗസ്ഥൻ ജില്ല ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ ഒദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിനുള്‍പ്പെടെ കൂളിയങ്കാലിലെ മുഹമ്മദ് മുഫ്സീറിനെ (21) അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി 7.15 ഓടെയാണ് സംഭവം. കൂളിയങ്കാലില്‍ സംഘർഷം നടക്കുന്നുവെന്ന വിവരത്തില്‍ ഇൻസ്പെക്ടർ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പൊലീസ് എത്തുമ്ബോള്‍ സ്ഥലത്ത് 15 ഓളം പേർ കൂടിനില്‍ക്കുന്നതായി കണ്ടു. ഇവരോട് പിരിഞ്ഞു പോകാൻ പറഞ്ഞെങ്കിലും തയാറായില്ല. തുടർന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു.

സംഘർഷത്തിലേർപ്പെട്ടവരെ പിരിച്ചുവിടുന്ന സമയത്താണ് ഇൻസ്പെക്ടറുടെ ലാത്തി പൊട്ടി ഒരുഭാഗം യുവാവിന്റെ കൈവശമായത്. ലാത്തി യുവാവ് തിരിച്ചു വീശിയതില്‍ ഇൻസ്പെക്ടറുടെ വലതു കണ്ണിന് കൊണ്ട് പരിക്കേല്‍ക്കുകയായിരുന്നു.

സംഘർഷമുണ്ടായ സ്ഥലത്ത് ഷർട്ട് ധരിക്കാതെ നില്‍ക്കുകയായിരുന്ന യുവാവിനെ ജീപ്പില്‍ കയറ്റാൻ ശ്രമിച്ചപ്പോള്‍ രണ്ട് പേർ തടയാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. സംഘർഷത്തില്‍ മർദനമേറ്റ കൂളിയങ്കാലിലെ മുഹമ്മദ് ഷാക്കിറിനെ (24) ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആറുപേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കൂളിയങ്കാലില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് യുവാവിന്റെ പരാതിയില്‍ ആറു പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.

കൂളിയങ്കാലിലെ മുഹമ്മദ് ഷാക്കിറിന്റെ (24) പരാതിയില്‍ റുഫൈദ്, നാസർ, ടി. റൈനാസ്, സി.കെ. റിയാസ്, ഫായിസ്, മൻസൂർ എന്നിവർക്കെതിരെയാണ് കേസ്. സംഘം ചേർന്ന് തടഞ്ഞുവെച്ച്‌ മരവടി കൊണ്ടും താക്കോല്‍ കൊണ്ടും അടിച്ചും കുത്തിയും പരിക്കേല്‍പ്പിച്ചതായാണ് പരാതി.

പ്രതികള്‍ കഞ്ചാവ് വില്‍പന നടത്തുന്നതായി ഷാക്കിർ പ്രചരിപ്പിച്ചെന്ന് പറഞ്ഞാണ് അക്രമിച്ചതെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *