ഏറെ നാളായി ആതിരയും ജോൺസണും തമ്മിൽ അടുപ്പത്തിലായിരുന്നു, ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്
തിരുവനന്തപുരം: കഠിനംകുളം കൊലപാതകത്തിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ആതിരയെ കൊലപ്പെടുത്തിയത് ഇൻസ്റ്റാഗ്രാം സുഹൃത്ത് ജോൺസൺ ഔസേപ്പാണെന്ന് സ്ഥിരീകരണം. ഏറെ നാളായി ആതിരയും ജോൺസണും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ആതിര ഒപ്പം പോകാത്തതിന്റെ വൈരാഗ്യമാണ് കൊലപ്പെടുത്താൻ കാരണമെന്നാണ് പൊലീസ് അനുമാനം.ഒളിവിൽ പോയ ജോൺസൺ ഔസേപ്പിനായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുകയാണ്.
അതേ സമയം ഇന്നലെ പ്രതി രക്ഷപ്പെടാനുപയോഗിച്ച സ്കൂട്ടർ കണ്ടെത്തിയിരുന്നു. കൊല നടത്തിയ ശേഷം കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറുമായാണ് പ്രതി രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലാണ് സ്കൂട്ടർ കണ്ടെത്തിയത്. കൊല നടത്തിയ ശേഷം ആതിരയുടെ സ്കൂട്ടറുമായി റെയിൽവെ സ്റ്റേഷനിലെത്തിയ പ്രതി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം. പൊലീസ് സ്റ്റേഷനിലെത്തിച്ച സ്കൂട്ടർ തുറന്നു പരിശോധിച്ചു. പ്രതി പെരുമാതുറയിൽ താമസിച്ചിരുന്ന വാടകവീടും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആതിരയെ കൊലപ്പെടുത്താൻ വേണ്ടിയാണ് യുവാവ് വീട് വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് പറയുന്നു.
നാല് സംഘങ്ങളായാണ് പ്രതിക്കായുള്ള അന്വേഷണം നടത്തുന്നത്. ജനുവരി 21-ന് രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിയായ ആതിരയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ ഭർത്താവ് ക്ഷേത്രത്തിലെ പൂജാരിയാണ്. ഭർത്താവ് ക്ഷേത്രത്തിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആതിരയുടെ സ്‌കൂട്ടറും സംഭവസ്ഥലത്തുനിന്ന് കാണാതായിരുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന മകനെ സ്കൂളിലേക്കു പറഞ്ഞയച്ച ശേഷമാണ് ആതിര കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്‍റെ നിഗമനം. മതിൽ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പൊലീസ് അനുമാനിക്കുന്നത്.