കുഴല്‍ക്കിണറില്‍ മൂന്ന് ദിവസം: അഞ്ച് വയസ്സുക്കാരനായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസ്സുക്കാരനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം.

ഡിസംബർ ഒൻപതിനാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. പൈലിങ് റിഗ് മെഷീൻ ഉപയോഗിച്ച്‌ കുഴല്‍ക്കിണറിന് സമീപം 150 അടി താഴ്ചയുള്ള തുരങ്കം കുഴിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.

തിങ്കളാഴ്ച വൈകുന്നേരം കലിഖാഡ് ഗ്രാമത്തിലെ ഫാമില്‍ കളിക്കുന്നതിനിടെയാണ് കുട്ടി തുറന്ന കുഴല്‍ക്കിണറില്‍ വീണത്. രക്ഷാപ്രവർത്തനം വൈകുന്നേരം നാല് മണിയോടെയാണ് ആരംഭിച്ചത്. നിരവധി മണ്ണുമാന്തി യന്ത്രങ്ങളും ട്രാക്ടറുകളും കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച്‌ കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സിവില്‍ ഡിഫൻസ് ടീമുകളും സ്ഥലത്തെത്തിയിട്ടുണ്ട്. പൈപ്പ് വഴിയാണ് കുട്ടിക്ക് ഓക്‌സിജൻ വിതരണം ചെയ്യുന്നതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി.

രാജസ്ഥാൻ മന്ത്രിയും ബി.ജെ.പി നേതാവുമായ കിരോഡി ലാല്‍ മീണ സംഭവസ്ഥലത്തെത്തി കാര്യങ്ങള്‍ വിശകലനം നടത്തിയിരുന്നു. ‘ഇത്തരം സംഭവങ്ങള്‍ രാജ്യത്തുടനീളം നടക്കുന്നു. സർക്കാറില്‍ നിന്ന് നിർദേശമുണ്ടെങ്കിലും നിയമസംവിധാനങ്ങളില്ല. കുഴല്‍ക്കിണറുകള്‍ മൂടുന്നത് സംബന്ധിച്ച്‌ നിയമം ഉണ്ടാക്കണമെന്നും’ കിരോഡി ലാല്‍ മീണ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *