മോഷണക്കേസുമായി ബന്ധപ്പെട്ട് കുറുവ സംഘാംഗമെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു.
കുറുവ സംഘത്തിന്‍റെ മോഷണത്തില്‍ മണികണ്ഠന് പങ്കുള്ളതിന് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് നടപടി. കുറുവ സംഘാംഗം സന്തോഷ് സെല്‍വന്‍റെ ബന്ധുവാണ് മണികണ്ഠൻ.
മണികണ്ഠന്‍റെ ഫോണ്‍ രേഖകള്‍ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ആലപ്പുഴയില്‍ മോഷണം നടന്ന ഒക്ടോബർ 21 മുതല്‍ നവംബർ 14 വരെ മണികണ്ഠൻ കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇത്രയും ദിവസം മണികണ്ഠൻ തമിഴ്നാട്ടില്‍ ആയിരുന്നു.
കുറുവ സംഘത്തിന് മണികണ്ഠന്‍റെ ബാഹ്യ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് സംശയമുണ്ട്. ഏപ്പോള്‍ വിളിച്ചാലും മരട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. അതേസമയം, കുറുവ സംഘാംഗം സന്തോഷ് സെല്‍വനെ കസ്റ്റഡിയില്‍ കിട്ടാൻ പൊലീസ് പ്രത്യേക അപേക്ഷ കോടതിയില്‍ സമർപ്പിക്കും.
പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ കുറുവ സംഘാംഗം സന്തോഷ് സെല്‍വനെ പൊലീസ് സംഘം പിടികൂടിയിരുന്നു. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് കൈവിലങ്ങോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. എറണാകുളം കുണ്ടന്നൂർ ഭാഗത്തു നിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
കുണ്ടന്നൂർ പാലത്തിന് താഴെ നിന്നാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. നാല് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസിന് കണ്ടെത്താനായത്. ഈ പ്രദേശങ്ങളിലെ ചതുപ്പില്‍ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. സംഭവത്തില്‍ സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ പൊന്നമ്മ എന്നിവരെയും മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.