കുത്തിനിറച്ച്‌ ആളെ കയറ്റുന്നു; പമ്ബ-നിലയ്‌ക്കല്‍ ചെയിന്‍ സര്‍വീസില്‍ ദുരിതയാത്ര

 കെഎസ്‌ആര്‍ടിസിയുടെ നിലയ്‌ക്കല്‍- പമ്ബ ചെയിന്‍ സര്‍വീസില്‍ കുത്തിനിറച്ച്‌ കയറ്റുന്നതിനാല്‍ അയ്യപ്പന്‍മാര്‍ക്ക് ദുരിതയാത്ര.

തീര്‍ത്ഥാടകരെ ബസുകളില്‍ നിര്‍ത്തിക്കൊണ്ടു പോകരുതെന്ന ഹൈക്കോടതി നിര്‍ദേശം മറികടന്നാണ് ഉദ്യോഗസ്ഥരുടെ നടപടി. ഭക്തരെ പരമാവധി ചൂഷണം ചെയ്യുന്നതിനു പുറമെ കെഎസ്‌ആര്‍ടിസിയുടെ ലാഭം മാത്രം ലക്ഷ്യമിട്ടാണ് ബസില്‍ പരമാവധി സ്വാമിമാരെ കയറ്റുന്നത്. പമ്ബ, നിലയ്‌ക്കല്‍ എന്നിവിടങ്ങളിലെ ഗ്രൗണ്ട് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കണ്ടക്ടറും ഡ്രൈവറും നിര്‍ബന്ധിച്ചാണ് സ്വാമിമാരെ കുത്തിനിറച്ച്‌ കയറ്റുന്നത്. ഇതിനായി ചില തന്ത്രങ്ങളും പയറ്റുന്നു.

കൃത്യമായ ഇടവേളകളില്‍ ബസുകള്‍ ലഭ്യമാക്കാതെയും ഏറെ തിരക്കുള്ളപ്പോഴും അധികം സര്‍വീസ് നടത്താതെയും വരുന്ന ബസുകള്‍ കുത്തി നിറച്ചുവിടുകയാണ് ചെയ്യുന്നത്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നിലക്കല്‍ സ്റ്റാന്‍ഡില്‍ എത്തി അയ്യപ്പന്‍മാരെ ബസില്‍ നിര്‍ത്തിക്കൊണ്ടു പോകാന്‍ അനുവദിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ അതൊന്നും വകവയ്‌ക്കാതെയാണ് ഇത്തരത്തില്‍ തുടരുന്നത്. സര്‍വീസ് പോകുന്ന ജീവനക്കാരുടെ തലയില്‍ കുറ്റം കെട്ടിവയ്‌ക്കാനുമാണ് ശ്രമം നടക്കുന്നത്.

കഴിഞ്ഞ ദിവസം നിലക്കല്‍ സ്റ്റാന്‍ഡില്‍ നിന്ന് പമ്ബയിലേക്ക് സര്‍വീസ് നടത്തിയ ബസിലെ കണ്ടക്ടറുടെ ഫോട്ടോ യാത്ര ചെയ്ത അയ്യപ്പന്‍ എടുക്കുകയും കോടതിയെ അറിയിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഇതെതുടര്‍ന്ന് ഗ്രൗണ്ട് ഡ്യൂട്ടി ജീവനക്കാരോട് നിര്‍ത്തിക്കൊണ്ട് യാത്ര അനുവദിക്കാന്‍ എഴുതി നല്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗ്രൗണ്ട് ഡ്യൂട്ടി ജീവനക്കാരന്‍ ഇതിന് വിസമ്മതിച്ചു. ഇതിന് പ്രതികാരമായി വണ്ടിയില്‍ ആളെ കയറ്റാന്‍ കണ്ടക്ടര്‍ വിസമ്മതിക്കുന്നു എന്ന് വ്യാജ പരാതി പമ്ബ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതായും പറയുന്നു. ഗ്രൗണ്ട് ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ ബസ് ജീവനക്കാരോട് മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. ഇത്തവണ ചെയിന്‍ സര്‍വീസിനായി എത്തിച്ചവയില്‍ ഭൂരിപക്ഷം ബസുകളും മെച്ചപ്പെട്ട കണ്ടീഷനില്‍ അല്ലെന്നും ആക്ഷേപമുണ്ട്. മുന്‍കാലങ്ങളില്‍ പുതിയ ബസുകളാണ് ശബരിമല സര്‍വീസിനായി എത്തിച്ചിരുന്നത്. മകരവിളക്കിന് ശേഷമാണ് വിവിധ ഡിപ്പോകളിലേക്ക് പുതിയ ബസുകള്‍ നല്‍കിയിരുന്നത്. ഏതാനും വര്‍ഷമായി പുതിയ ബസുകള്‍ ശബരിമല സര്‍വീസിന് നല്‍കാറില്ല.

Leave a Reply

Your email address will not be published. Required fields are marked *