പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ഈ അധ്യയനവര്‍ഷം പുതുതായി ഇറക്കിയ ഒന്നാംക്ലാസ് പാഠപുസ്തകം വീണ്ടും മാറ്റുന്നു.
ഒന്നാം ക്ലാസുകാര്‍ക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കമാണെന്ന വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്നാണിത്. അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തക നിര്‍മാണ ശില്പശാല കഴിഞ്ഞദിവസം കോഴിക്കോട്ട് നടന്നു.
ഈ വര്‍ഷം പുതുക്കിയ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ സംബന്ധിച്ച് എസ്.സി.ആര്‍.ടി. അധ്യാപകരില്‍നിന്ന് ഗൂഗിള്‍ഫോം വഴി അഭിപ്രായം തേടിയിരുന്നു. ഇതില്‍ ലഭിച്ച പ്രതികരണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തിരുത്തല്‍. എസ്.സി.ആര്‍.ടി. പ്രതിനിധികളും പാഠപുസ്തക നിര്‍മാണസമിതി അംഗങ്ങളും വിവിധ ജില്ലകളില്‍നിന്നുള്ള ഒന്നാംക്ലാസ് അധ്യാപകരുമാണ് പങ്കെടുത്തത്.
കുട്ടികള്‍ക്കിടയില്‍ മുന്‍വര്‍ഷത്തെ പാഠപുസ്തകത്തിന് കിട്ടിയ സ്വീകാര്യത പുതുക്കിയ പുസ്തകത്തിന് കിട്ടിയിട്ടില്ലെന്നാണ് അധ്യാപകരുടെ അനുഭവം. പഴയപോലെ പഠനം ആസ്വാദ്യകരമാകുന്ന സാഹചര്യം പുതിയ പുസ്തകത്തിനില്ലെന്നും അധ്യാപകര്‍ പറയുന്നു.
പുതിയ പുസ്തകത്തിലെ ഒന്നാംപാഠംതന്നെ പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ വേണ്ടിവന്നെന്നാണ് വിമര്‍ശനം. പഠനാനുബന്ധ പ്രവര്‍ത്തനങ്ങളുടെ എണ്ണക്കൂടുതലും കുട്ടികളെ മടുപ്പിക്കുന്നു. അധ്യയനദിവസങ്ങള്‍ പലകാരണങ്ങളാല്‍ നഷ്ടപ്പെടുമ്ബോള്‍ പാഠഭാഗങ്ങള്‍ ഓടിച്ചുതീര്‍ക്കേണ്ട സാഹചര്യമാണ്. പ്രവര്‍ത്തനപുസ്തകത്തില്‍ ഏറെ ചെയ്തുതീര്‍ക്കാനുള്ളതിനാല്‍ കുട്ടികള്‍ക്ക് മറ്റ് ക്ലാസ് റൂം അനുഭവങ്ങള്‍ക്ക് സമയം കിട്ടുന്നില്ല. പാഠപുസ്തകത്തിനൊപ്പം പ്രവര്‍ത്തനപുസ്തകവും അധ്യാപകസഹായിയും പരിഷ്‌കരിക്കാനാണ് തീരുമാനം.
സംസ്ഥാനത്ത് ആദ്യമായാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അഭിപ്രായം പരിഗണിച്ച് പാഠപുസ്തകം പരിഷ്‌കരിക്കുന്നതെന്നാണ് എസ്.സി.ആര്‍.ടി.ഇ.യുടെ അവകാശവാദം.