സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണവും പോഷകാഹാരവും നൽകിയ വകയിൽ പ്രൈമറി ഹെഡ്മാസ്റ്റർമാർക്ക് ലഭിക്കാനുള്ള കുടിശിക തുക അടിയന്തരമായി അനുവദിച്ചില്ലെങ്കിൽ ഉച്ചഭക്ഷണ പദ്ധതി നിർത്തിവയ്ക്കുമെന്ന് കേരള ഗവൺമെന്റ് പ്രൈമറി സ്‌കൂൾ ഹെഡ്മാസ്റ്റേഴ്സസ് അസോസിയേഷൻ (കെജിപിഎസ്എച്ച്എ) ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം മുന്നറിയിപ്പ് നൽകി.
സെപ്റ്റംബർ മുതൽ ഈയിനത്തിൽ സർക്കാർ തുക അനുവദിച്ചിട്ടില്ല. കുടിശിക സംബന്ധിച്ച് പരാതി നൽകുമ്ബോൾ നൂൺമീൽ ഓഫീസർമാരും വിദ്യാഭ്യാസ ഓഫീസർമാരും കൈമലർത്തുകയാണ്.
ആറ് ലക്ഷം രൂപ വരെ ലഭിക്കാനുള്ള ഹെഡ്‌മാസ്റ്റർമാരുണ്ട്. ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച കേസ് ഹൈക്കോടതിയിൽ പരിഗണനയ്ക്ക് വരുമ്ബോൾ പേരിന് തുക അനുവദിച്ച് കോടതിയെ തെറ്റിധരിപ്പിക്കുന്ന സൂത്രവിദ്യയാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാരിന്റെ വഞ്ചനാപരമായ ഈ സമീപനം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.