സെപ്റ്റിക് ടാങ്ക് പൊട്ടിയുള്ള മാലിന്യം കുടിവെള്ളത്തില്‍ കലര്‍ന്ന് തമിഴ്‌നാട് ചെന്നൈ പല്ലാവരത്ത് 3 പേര്‍ മരിച്ചു.
ഛര്‍ദ്ദിയും വയറിളക്കവുമായി 32 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. സെപ്റ്റിക് ടാങ്ക് പൊട്ടി പൊതുശുചിമുറിയിലെ മാലിന്യം കലര്‍ന്ന വെള്ളം ഉപയോഗിച്ചാണ് മരണം സംഭവിച്ചത്. ഓടയിലൂടെ മലിനജലം ഒഴുകി പൊതുജല സംഭരണിയില്‍ കലരുകയായിരുന്നു.
ചെന്നൈയില്‍ ഇതേസമയം വെള്ളപ്പൊക്കമുണ്ടായതും മാലിന്യം കുടിവെള്ളത്തില്‍ കലരാന്‍ ഇടയാക്കിയതായാണ് വിവരം. മലിനജലം ഉപയോഗിച്ചതിനെ തുടര്‍ന്ന് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായ 35 ഓളം ആളുകളെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇതിലെ 3 പേരാണ് മരിച്ചിരിക്കുന്നത്. അതേസമയം, പ്രദേശവാസികള്‍ക്ക് ഭക്ഷണത്തില്‍ നിന്നാകാം രോഗബാധയേറ്റതെന്നും മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്നിട്ടില്ലെന്നും മന്ത്രി ടി.എന്‍. അന്‍പരശന്‍ പ്രതികരിച്ചു. എന്നാല്‍, പ്രദേശവാസികള്‍ മന്ത്രിയുടെ ഈ നിലപാട് ചോദ്യം ചെയ്തു. മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്നത് തന്നെയാണ് അപകട കാരണമെന്നും ആദ്യമായല്ല ഇത്തരം അനുഭവം തങ്ങള്‍ക്കുണ്ടായിട്ടുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു.