കീഴടങ്ങിയത് വസന്തത്തിന്റെ ഇടിമുഴക്കത്തിനായി ഇരുപത്തിനാലാം വയസില്‍ തോക്കെടുത്ത യുവതി

കർണാടകയില്‍ ഇന്നലെ കീഴടങ്ങിയ മാവേയിസ്റ്റ് നേതാക്കളില്‍ മലയാളി യുവതിയും. വയനാട് തലപ്പുഴ കൈതക്കൊല്ലി സ്വദേശിനി ജിഷയാണ് ഇന്നലെ കർണാടക പൊലീസിന് മുന്നില്‍ കീഴടങ്ങിയത്.

ഇതോടെ കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ വേരറ്റു എന്നാണ് റിപ്പോർട്ട്. ആറ് മാവോയിസ്റ്റ് നേതാക്കളാണ് ഇന്നലെ കർണാടകയില്‍ കീഴടങ്ങിയത്. ഇവരിലെ ഏക മലയാളിയാണ് നാല്‍പ്പത്തിമൂന്നുകാരിയായ ജിഷ.

ഇരുപത്തിനാലാം വയസിലാണ് ജിഷ മാവോയിസ്റ്റ് സംഘത്തില്‍ ചേരുന്നത്. ആദ്യം വയനാട് ഉള്‍പ്പെടുന്ന കബനി ദളത്തിലായിരുന്നു. പിന്നീടാണ് ഭവാനി ദളത്തിലേക്ക് മാറിയത്. മാവോയിസ്റ്റ് നേതാവായ വസന്ത് എന്ന രമേശനെ വിവാഹം കഴിച്ചു. തമിഴ്നാട് സ്വദേശിയാണ് വസന്ത്. ഇയാളും കഴിഞ്ഞ ദിവസം കർണാടകയില്‍ കീഴടങ്ങിയിരുന്നു. സർക്കാറിന്റെ പുനരധിവാസ പദ്ധതിക്ക് കീഴില്‍ കീഴടങ്ങണമെന്ന് ഏറെക്കാലമായി ആഗ്രഹിക്കുകയായിരുന്നു എന്നാണ് ജിഷയുടെ പ്രതികരണം.

ജിഷയ്ക്കെതിരെ മാനന്തവാടി സബ്ഡിവിഷനില്‍ നാലും കല്‍പറ്റയില്‍ പന്ത്രണ്ടും കേസുകളുണ്ട്. എന്നാല്‍, ഇവ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടല്ല. ആയുധം കൈവശം വെക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയവയാണ്. ഭർത്താവ് വസന്തിനെതിരെ എട്ടുകേസുണ്ട്.

പൊലീസിന്റെയും തണ്ടർ ബോള്‍ട്ടിന്റെയും പട്ടികയില്‍ കേരളത്തില്‍ 20ഓളം മാവോവാദികളാണ് ഉണ്ടായിരുന്നത്. വയനാടിനോട് ചേർന്ന വനങ്ങളായിരുന്നു ഇവരുടെ താവളം. ഇവരില്‍ പലരും അടുത്തിടെ കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ചിലർ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മറ്റുള്ളവർ ഇതര സംസ്ഥാനങ്ങളിലേക്ക് മാറി. നിലമ്ബൂർ കരുളായി സ്വദേശിയായ സി പി മൊയ്തീൻ ആഗസ്റ്റില്‍ ആലപ്പുഴയില്‍ പിടിയിലായി. ഇതോടെ സംസ്ഥാനത്തെ മാവോവാദികളെല്ലാം ഇല്ലാതായി എന്നാണ് സുരക്ഷാസേന പറയുന്നത്. കേരളത്തിലെ അവസാനത്തെ മാവോയിസ്റ്റ് നേതാവായിരുന്നു സി പി മൊയ്തീൻ എന്നാണ് സുരക്ഷാ സേനയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *