കിലിയന്‍ എംബാപ്പെ സ്‌പാനിഷ്‌ ഫുട്‌ബോള്‍ ക്ലബ്‌ റയാല്‍ മാഡ്രിഡിന്റെ ഭാഗമായി.

ഫ്രാന്‍സിന്റെ യുവ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ സ്‌പാനിഷ്‌ ഫുട്‌ബോള്‍ ക്ലബ്‌ റയാല്‍ മാഡ്രിഡിന്റെ ഭാഗമായി.

ഇന്നലെയാണ്‌ എംബാപ്പെയെ റയാല്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്‌. സാന്തിയാഗോ ബെര്‍ണ്യാബു സ്‌റ്റേഡിയത്തില്‍ കോച്ച്‌ കാര്‍ലോ ആന്‍സലോട്ടി, മുന്‍ കോച്ചും ഇതിഹാസ താരവുമായ സിനദിന്‍ സിദാന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ്‌ എംബാപ്പെ ആരാധകരെ അഭിവാദ്യം ചെയ്‌തത്‌. 25 വയസുകാരനായ എംബാപ്പെ അഞ്ച്‌ വര്‍ഷത്തെ കരാറിലാണു റയാല്‍ മാഡ്രിഡിലെത്തിയത്‌.
ഫ്രഞ്ച്‌ ക്ലബ്‌ പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌നുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതോയാണ്‌ റയാല്‍ എംബാപ്പെയെ സ്വന്തമാക്കിയത്‌. രാവിലെ വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ താരം ട്രെയിനിങ്‌ ഗ്രൗണ്ടായ വാല്‍ഡെബെഡാസിലെത്തി കരാര്‍ ഔദ്യേഗികമായി ഒപ്പുവച്ചു. എംബാപ്പെ കാണാന്‍ ആരാധകര്‍ മണിക്കൂറുകള്‍ക്കു മുമ്ബേ തന്നെ സാന്തിയാഗോ ബെര്‍ണ്യാബു സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ആശയ വിനിമയം സുഗമമാക്കാന്‍ സ്‌പാനിഷ്‌ പഠിക്കാന്‍ തുടങ്ങിയെന്ന്‌ എംബാപ്പെ പറഞ്ഞു.
കഴിഞ്ഞ മാസമാണു റയാല്‍ എംബാപ്പെയെ സ്വന്തമാക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്‌. 2017 ലും 2022 ലും റയാലും എംബാപ്പെയും തമ്മില്‍ കരാര്‍ നടപടികള്‍ അന്തിമ ഘട്ടം വരെയെത്തിയിരുന്നു. റയാല്‍ പ്രസിഡന്റ്‌ ഫ്‌ളോറന്റീനോ പെരസ്‌, ഓണററി പ്രസിഡന്റ്‌ പിറി എന്നിവരും സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. റയാല്‍ മാഡ്രിഡിന്റെ ഭാഗമായത്‌ സ്വപ്‌ന സാക്ഷാത്‌കാരമാണെന്ന്‌ എംബാപ്പെ പറഞ്ഞു. ”ഇവിടെ നില്‍ക്കുന്നത്‌ അവിശ്വസനീയമാണ്‌. റയാല്‍ മാഡ്രിഡിനായി കളിക്കണമെന്ന സ്വപ്‌നം പൂര്‍ത്തിയായി ” എംബാപ്പെ പറഞ്ഞു. സ്‌നേഹപൂര്‍വം സ്വീകരിച്ച പെരസിന്‌ എംബാപ്പെ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *