രുചിയിലും നിറത്തിലും മനംകവരുന്ന പാചകത്തിലെ മാറ്റി നിർത്താനാകാത്ത വിഭവമാണ് തക്കാളി. എന്നാല്‍ പാചകത്തിലെ മാറ്റി നിർത്താൻ കഴിയാത്ത സ്വാധീനത്തിനൊപ്പം തക്കാളിയെന്ന ‘ജ്യൂസി ഫ്രൂട്ടി’നെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ പോഷക സമൃദ്ധിയും ആരോഗ്യ ഗുണങ്ങളുമാണ്.
എന്നാല്‍ സ്ഥിരം തക്കാളി കഴിക്കുന്നത് ശരീരത്തിനു നല്ലതാണോ? വിദഗ്ദാഭിപ്രായത്തില്‍ പരിശോധിക്കാം
വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്ബുഷ്ടമായതിനാല്‍ തക്കാളി നിങ്ങളുടെ ശരീരത്തില്‍ പലതരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ കെ സോമനാഥ് ഗുപ്ത പറയുന്നത്.
തക്കാളിയിലെ ലൈക്കോപീൻ പോലുള്ള ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകള്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ലൈക്കോപീൻ β-കരോട്ടിൻ എന്നിവ തക്കാളിയില്‍ കാണപ്പെടുന്ന രണ്ട് പ്രധാന കരോട്ടിനോയിഡുകളാണെന്നും ഇവ രണ്ടും തക്കാളിക്ക് കാൻസർ വിരുദ്ധ ഗുണങ്ങള്‍ നല്‍കുമെന്നുമാണ്, ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ രംഗാ സന്തോഷ് കുമാർ അഭിപ്രായപ്പെടുന്നത്.
ടൊമാറ്റോ പൗഡർ, കുടലിലെ മൈക്രോബയോമിന്റെ വൈവിധ്യവും സമൃദ്ധിയും ഗണ്യമായി വർദ്ധിപ്പിക്കുമെന്നും കോശജ്വലന പ്രതികരണങ്ങളും കുടലിലെ തകരാറുകളും തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, തക്കാളി വിറ്റാമിൻ സി, കെ, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ്. ”വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തെയും ചർമ്മത്തിന്റെ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു, കൂടാതെ രക്തം കട്ടപിടിക്കുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും വിറ്റാമിൻ കെ അത്യാവശ്യമാണ്. രക്തസമ്മർദ്ദവും ദ്രാവക സന്തുലനവും നിയന്ത്രിക്കാൻ പൊട്ടാസ്യം സഹായിക്കുന്നു,” ഡോ ഗുപ്ത വിശദീകരിച്ചു.
കുറഞ്ഞ കലോറിയും ഉയർന്ന ജലാംശവും ഉള്ളതിനാല്‍ തക്കാളി പതിവായി കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും, “തക്കാളിയിലെ ഫൈബറിന് സംതൃപ്തി വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.
തക്കാളി കഴിക്കുന്നതിലെ പോരായ്മകള്‍
തക്കാളി കൂടുതലടങ്ങിയ ഡയറ്റ്, മുകളില്‍ സൂചിപ്പിച്ച ഗുണഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ആരോഗ്യത്തിന് ഉണ്ടാക്കാൻ സാധ്യതയുള്ള ദോഷകരമായ ഫലങ്ങള്‍ എടുത്തു പറയേണ്ടത് പ്രധാനമാണ്.
ചില ആളുകള്‍ തക്കാളിയുടെ അസിഡിറ്റി സ്വഭാവത്തോട് സെൻസിറ്റീവായിരിക്കാം, ഇത് ദഹനപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം അല്ലെങ്കില്‍ ആസിഡ് റിഫ്ലക്സ് പോലുള്ള അവസ്ഥകളുടെ ലക്ഷണങ്ങള്‍ വർദ്ധിപ്പിക്കാനും കാരണമാകാം. കൂടാതെ പോഷകാഹാര അസന്തുലിതാവസ്ഥയ്ക്കും കാരണമാകാം.
ഇത് “മൂത്രസംബന്ധമായ പ്രശ്നങ്ങള്‍, മൈഗ്രെയ്ൻ, ഗ്ലൈക്കോ ആല്‍ക്കലോയിഡുകളുമായി ബന്ധപ്പെട്ട ശരീരവേദന, അനാഫൈലക്റ്റിക് പ്രതികരണങ്ങള്‍, ലൈക്കോപെനോഡെർമിയ,” എന്നിവയ്ക്കും കാരണമായേക്കാം, ഡോ രംഗാ സന്തോഷ് കുമാർ പറഞ്ഞു.
തക്കാളി ഉപയോഗം ആരൊക്കെ പരിമിതപ്പെടുത്തണം?
‘കിഡ്ണി സ്റ്റോണ്‍’ (വൃക്കയിലെ കല്ലുകള്‍) പോലെയുള്ള ചില രോഗാവസ്ഥകളുള്ള വ്യക്തികള്‍, ഓക്സലേറ്റുകളുടെ സാന്നിധ്യം ഉള്ളതിനാല്‍ തക്കാളി കഴിക്കുന്നത് പരിമിതപ്പെടുത്തേണ്ടി വന്നേക്കാം, ഇത് കല്ല് രൂപപ്പെടുന്നതിന് കാരണമാകുമെന്നാണ് ഡോ. കെ. സോമനാഥ് ഗുപ്ത പറയുന്നത്.