കാസര്‍ഗോഡ് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ കേസ്; വാഹനം പിടിച്ചുവെച്ച എസ്‌ഐയ്ക്ക് സസ്പെൻഷൻ

കാസർഗോഡ് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ കേസില്‍ വാഹനം പിടിച്ചുവെച്ച എസ്‌ഐയ്ക്ക് സസ്പെൻഷൻ. ഓട്ടോ ഡ്രൈവർ അബ്ദുല്‍ സത്താർ ജീവനൊടുക്കിയ കേസിലാണ് എസ്‌ഐ അനൂപിന് സസ്പെൻഷൻ ലഭിച്ചത്.

ചന്തേര പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആണ് അനൂപ്. എസ്‌ഐയെ സസ്പെൻഡ് ചെയ്യണമെന്ന് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.

അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറോട് മോശമായി പെരുമാറുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അനൂപിനെ സസ്പെൻഡ് ചെയ്തത്. ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ വിവാദമായതിന് പിന്നാലെയാണ് മറ്റൊരു ഓട്ടോ ഡ്രൈവറെ ജൂണില്‍ മർദ്ദിച്ച വീഡിയോ പുറത്തുവന്നത്.

പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്താണ് കഴിഞ്ഞ ദിവസം കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താർ താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്. പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പൊലീസ് സ്റ്റേഷനില്‍ അബ്ദുള്‍ സത്താർ എത്തിയെങ്കിലും എസ്‌ഐ അനൂപ് വിട്ട് നല്‍കിയില്ലെന്നാണ് പരാതി. ഇതില്‍ മനം നൊന്താണ് അബ്ദുല്‍ സത്താര്‍ ജീവനൊടുക്കിയതെന്നാണ് ആരോപണം.

നാലു ദിവസമായിട്ടും വിട്ടുകൊടുക്കാത്തതിനാല്‍ വീട് പട്ടിണിയിലാണെന്ന് ഫെയ്സ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയ ശേഷമാണ് അബ്ദുല്‍ സത്താര്‍ (60) ജീവനൊടുക്കിയത്. വാടക മുറിയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ ലൈവ് കണ്ട് ആളുകള്‍ എത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നു.

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് എസ്‌ഐയ്ക്ക് എതിരായ പരാതി അന്വേഷിക്കുന്നതിനിടെയാണ് ജൂണില്‍ നടന്ന കയ്യേറ്റത്തിന്‍റെ ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നത്. യാത്രക്കാരുടെ പരാതിയില്‍ സ്റ്റേഷനിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് അനൂപ് പൊതുമധ്യത്തില്‍ വച്ച്‌ ഓട്ടോറിക്ഷാ ഡ്രൈവറെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. യുവാവ് താൻ ആരെയെങ്കിലും കൊന്നിട്ടുണ്ടോയെന്നും തന്നെയെന്തിനാണ് ഇങ്ങനെ കൈയ്യേറ്റം ചെയ്യുന്നതെന്നും ചോദിച്ചെങ്കിലും എസ്‌ഐ മർദ്ദനം തുടരുകയായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈൻ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

Leave a Reply

Your email address will not be published. Required fields are marked *