കാസര്‍കോട് ‘തിരുടര്‍ സംഘ’ത്തിന്റെ വിളയാട്ടം; രണ്ടുദിവസത്തിനിടെ കവര്‍ച്ച നടത്തിയത് ആറ് ആരാധനാലയങ്ങളില്‍

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ കവർച്ച നടത്തുന്ന തിരുടർ സംഘം കാസർകോട് ജില്ലയില്‍ വ്യാപക മോഷണങ്ങള്‍ നടത്തുന്നു.

രണ്ടുദിവസത്തിനുള്ളില്‍ കാസർകോട്, മഞ്ചേശ്വരം മേഖലകളില്‍ മാത്രം ആറ് ആരാധനലായങ്ങളിലാണ് കവർച്ചയും കവർച്ചശ്രമവും നടന്നത്. പ്രധാനമായും ക്ഷേത്ര ഭണ്ഡാരങ്ങളാണ് ഇക്കൂട്ടർ പൊളിക്കുന്നത്. ഒരു സംഘം തന്നെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി കവർച്ചക്കിറങ്ങിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിനിടയില്‍ വീടും കടകളും കുത്തിത്തുറന്നുള്ള കവർച്ചയും നടക്കുന്നുണ്ട്.

ഞായറാഴ്ച എടനീരിലെ വിഷ്ണുമംഗലം ക്ഷേത്രത്തില്‍ ഭണ്ഡാരം പൊളിച്ച്‌ കവർച്ച നടന്നു. തിങ്കളാഴ്ചയും ഇതേ പ്രദേശത്തെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കവർച്ച. മഞ്ചേശ്വരം വൊർക്കാടി പാവളയില്‍ പള്ളിയുടെ പ്രാർഥനാകേന്ദ്രത്തിലെ നേർച്ചപ്പെട്ടിയാണ് കുത്തിത്തുറന്നത്. ഇവിടെയുള്ള കൊറഗജ്ജ ദൈവസ്ഥാനത്തിന്റെ ഭണ്ഡാരപ്പെട്ടിയും പൊളിച്ചു.

അടുത്തടുത്ത സ്ഥലങ്ങളില്‍ മണിക്കൂറുകളുടെ ഇടവേളകളില്‍ മോഷണം നടന്നുവെന്നാണ് സംശയിക്കുന്നത്. മഞ്ചേശ്വരത്തും കാസർകോട്ടും സമാന സ്വഭാവമുള്ള കവർച്ചയാണ് നടന്നത്. അതിനാല്‍ ഒരേസംഘമാണ് ഇതിന് പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്. ഒരു വഴിക്കെത്തിയാല്‍ ആ പ്രദേശത്തെ ആരാധനാലയങ്ങള്‍ ലക്ഷ്യമിടുന്നു. ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളും കടകളും കവർച്ചാസംഘം വിടുന്നില്ല.

കവർച്ച നടന്ന ഇടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. എന്നാല്‍, പലയിടത്തും സി.സി.ടി.വി. ക്യാമറകളില്ലാത്തത് പ്രശ്നമാകുന്നുണ്ട്. ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും ഭണ്ഡാരങ്ങളില്‍നിന്ന് ദിനേന പണം എടുത്തുമാറ്റാറില്ല. ഉത്സവാഘോഷസമയങ്ങളിലാണ് ഭണ്ഡാരവരവ് തിട്ടപ്പെടുത്തുന്നത്. അതിനാല്‍, പ്രധാന ദിവസങ്ങളില്‍ അവിടങ്ങളിലെത്തുന്ന ഭക്തർ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്ന പണം അങ്ങനെത്തന്നെയുണ്ടാകും.പാവള യേശുക്രിസ്തു പ്രാർഥനാ മന്ദിരത്തില്‍ പോലീസ് പരിശോധന നടത്തുന്നു

വൊർക്കാടിയില്‍ ക്ഷേത്രത്തിലും പള്ളിയിലും കടയിലും കവർച്ച

മഞ്ചേശ്വരം: വൊർക്കാടിയില്‍ വിവിധയിടങ്ങളില്‍ മോഷണം. പാവള ബജിരംഗളയില്‍ യേശു ക്രിസ്തു പ്രാർഥനാമന്ദിരത്തിന്റെ പൂട്ട് പൊളിച്ച്‌ ഭണ്ഡാരത്തില്‍നിന്ന് പണം മോഷ്ടിച്ചു. രണ്ടായിരം രൂപയോളം നഷ്ടപ്പെട്ടതായി കരുതുന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം മോഷ്ടാവിന്റെ ദൃശ്യം സമീപത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പരാതി നല്‍കിയതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതേദിവസം രാത്രി രണ്ടു കിലോമീറ്റർ ദൂരത്തുള്ള പാവളയിലെ അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ കൊറഗജ്ജ ദേവസ്ഥാനത്തിന്റെ കാണിക്കപ്പെട്ടിയുടെ പൂട്ട് പൊളിച്ച്‌ പണം കവർന്നിട്ടുണ്ട്. ഭാരവാഹികള്‍ പോലിസില്‍ പരാതിനല്‍കി. വൊർക്കാടി പാടിയിലെ ബഷീറിന്റെ ജനറല്‍ സ്റ്റോറിലും ശനിയാഴ്ച പുലർച്ചെ മോഷണമുണ്ടായി. കടയില്‍ സൂക്ഷിച്ചിരുന്ന 10000 രൂപയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു.

ഒരാഴ്ച മുൻപ് ബാക്ര ബയലില്‍ ഹോട്ടലിലും ഹാർഡ് വെയർ ഷോപ്പിലും സൂര്യേശ്വര ക്ഷേത്രത്തിലും കവർച്ച നടന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ വൊർക്കാടിയില്‍ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും കവർച്ചയും മോഷണവും പെരുകുന്നതായി പരാതിയുണ്ട്. കേസെടുക്കുന്നുണ്ടെങ്കിലും പ്രതികളെ പിടിക്കാൻ കഴിഞ്ഞിട്ടില്ല.

സി.സി.ടി.വി. തകർത്ത് പൊയിനാച്ചി ധർമശാസ്താ ക്ഷേത്രത്തില്‍ മോഷണം

പൊയിനാച്ചി: ടൗണില്‍ ദേശീയപാതയ്ക്കരികിലുളള ധർമശാസ്താക്ഷേത്രത്തില്‍ കവർച്ച. ക്ഷേത്രത്തിലെ സി.സി.ടി.വി. സംവിധാനം തകർത്ത് ഒരു പവന്റെ ആഭരണം, 6500 രൂപ, സി.സി.ടി.വി.യുടെ ഡി.വി.ആർ., അഞ്ച് ഭണ്ഡാരങ്ങളിലെ പണം എന്നിവ കവർന്നു.

ഞായറാഴ്ച രാത്രി എട്ടിനും തിങ്കളാഴ്ച രാവിലെ ആറിനും ഇടയിലാണ് സംഭവം. ക്ഷേത്രത്തിന് മുൻപില്‍ ഉയരവിളക്ക് കത്തുകയും രാത്രിയിലും ദേശീയപാതാ നിർമാണവുമുണ്ട്. ഇതിനിടയിലാണ് മോഷണം നടന്നത്. മുൻവാതിലിന്റെ പൂട്ട് തകർത്താണ് ക്ഷേത്രത്തിനകത്തുകയറിയത്. ഇവിടെ ശ്രീകോവിലിലും ഉപദേവന്മാരുടെ കോവിലുകളിലും കള്ളൻ കയറിയെങ്കിലും തിരുവാഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്നതിനാല്‍ മറ്റൊന്നും നഷ്ടപ്പെട്ടില്ല.

ക്ഷേത്രത്തിനകത്തെ മൂന്നും മുൻപിലുണ്ടായിരുന്ന രണ്ടും ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നു. ഇവ പുറത്ത് ഉപേക്ഷിച്ച നിലയിലാണ്. ഇതിനകത്തെ പണം നവംബർ ഒന്നിന് എടുത്തിരുന്നതിനാല്‍ ചെറിയ തുക മാത്രമേ നഷ്ടപ്പെടാനിടയുള്ളൂവെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. അഞ്ച് ക്യാമറകള്‍ ക്ഷേത്രത്തിനകത്തും പുറത്തുമായി ഉണ്ടെങ്കിലും കണ്‍ട്രോള്‍ സംവിധാനം നഷ്ടപ്പെട്ടതിനാല്‍ ഫലമില്ലാതായി. രാവിലെ ആറിന് മേല്‍ശാന്തി അനന്തകൃഷ്ണഭട്ട് എത്തിയപ്പോഴാണ് കവർച്ച നടന്ന സംഭവമറിയുന്നത്. ഓഫീസ് മുറിയിലെയും സേവാകൗണ്ടറിലെയും ഇരുമ്ബ് അലമാര തകർത്തനിലയിലാണ്. ഓഫീസ് അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. ഭക്തർ കാണിക്കയായി നല്‍കിയതാണിത്. സേവാകൗണ്ടറിലെ മേശവലിപ്പ് തകർത്താണ് 6500 രൂപ കവർന്നത്. ഇവിടെയാണ് സി.സി.ടി.വി. കണ്‍ട്രോളിങ് സംവിധാനം പ്രവർത്തിച്ചിരുന്നത്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള ചെറിയ കവാടം വഴിയാണ് കള്ളൻ മതിലിനകത്ത് കയറിയത്. പോലീസ് നായ ഈ ഭാഗത്തിലൂടെ റോഡിലിറങ്ങി ആടിയം റോഡില്‍ പോയിനിന്നു. വിരളടയാള വിദ്ഗ്ധരും പരിശോധനയ്ക്ക് എത്തിയിരുന്നു. ക്ഷേത്രം സെക്രട്ടറി ഇ. പ്രദീപ്കുമാറിന്റെ പരാതിയില്‍ മേല്‍പ്പറമ്ബ് പോലീസ് കേസെടുത്തു. 71,500 രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ക്ഷേത്രത്തില്‍ തിങ്കളാഴ്ച ഉഷപൂജ മുടങ്ങി. ചൊവാഴ്ച പ്രത്യേക പരിഹാര പൂജ നടത്തും.പാവള കൊറഗജ്ജ ദേവസ്ഥാനത്ത് പോലീസ് പരിശോധിക്കുന്നു

മാന്യ അയ്യപ്പ ഭജനമന്ദിരത്തില്‍ ഏഴു ലക്ഷത്തിന്റെ സാധനങ്ങള്‍ കവർന്നു

വിദ്യാനഗർ: മാന്യ ടൗണില്‍ പാതയോരത്തുള്ള അയ്യപ്പ ഭജനമന്ദിരത്തില്‍ പൂട്ട് തകർത്ത് ശ്രീകോവിലിനുള്ളിലെ അഞ്ചുലക്ഷത്തിന്റെ വെള്ളിയില്‍ തീർത്ത അയ്യപ്പന്റെ ചിത്രം കവർന്നു. വിഗ്രഹത്തിന് ചുറ്റുമുള്ള വെങ്കല കവചവും രുദ്രാക്ഷം കെട്ടിയ 500 ഗ്രാം വെള്ളിമാലയും രണ്ടുഗ്രാം സ്വർണത്തിന്റെ താലിയും കവർന്നിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഭജനമന്ദിരത്തിലെത്തിയ മുൻ പ്രസിഡന്റ് രാമനാണ് ഗ്രില്ലിന്റെ പൂട്ട് തകർത്തനിലയില്‍ കണ്ടത്. പരിശോധനയില്‍ ശ്രീകോവിലിന്റെ പൂട്ടും തകർത്തനിലയില്‍ കണ്ടു. ഏഴുലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്.

അയ്യപ്പ ഭജനമന്ദിരത്തിന് മുൻഭാഗത്ത് മറുനാടൻ തൊഴിലാളികള്‍ താമസിക്കുന്ന ക്വാർട്ടേഴ്സുകളുടെ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ശബ്ദം കേട്ട് ഉണർന്ന് തൊഴിലാളികള്‍ വരുന്നത് ഒഴിവാക്കുന്നതിന് കവർച്ചയ്ക്കെത്തിയവരാകും വാതിലുകള്‍ പൂട്ടിയതെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് ഡിവൈ.എസ്.പി. സി.കെ.സുനില്‍കുമാർ ഉള്‍പ്പെടെയുള്ളവർ സ്ഥലത്തെത്തി. പോലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

ബദിയഡുക്ക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.ശാന്ത, വൈസ് പ്രസിഡന്റ് എ.അബ്ബാസ്, സ്ഥിരംസമിതി അധ്യക്ഷൻ ശ്യാംപ്രസാദ് മാന്യ, ഗ്രാമപ്പഞ്ചായത്തംഗം കെ.അനസൂയ തുടങ്ങിയവരും സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം എടനീർ മഠത്തിന് കീഴിലുള്ള വിഷ്ണുമംഗലം ക്ഷേത്രത്തിലും വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകയറി ഭണ്ഡാരം പൊളിച്ച്‌ പണം കവർന്നിരുന്നു. മോഷണം പെരുകുന്നത് ജനങ്ങളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *