കാവുങ്കലില്‍ റോഡിനോട് ചേർന്നുള്ള നാലു കടമുറികളില്‍ വൻഅഗ്നിബാധ. മൂന്നെണ്ണം പൂർണമായും ഒരെണ്ണം ഭാഗികമായും കത്തിനശിച്ചു.
ലക്ഷങ്ങളുടെ നാശനഷ്ടം. വ്യാഴാഴ്ച രാവിലെ 11നായിരുന്നു അപകടം.
ആലപ്പുഴ-തണ്ണീർമുക്കം റോഡില്‍ കാവുങ്കല്‍ ക്ഷേത്രത്തിന് വടക്കുവശം റോഡിന്റെ കിഴക്ക് നാല് കടമുറികളിലാണ് അഗ്നിബാധ ഉണ്ടായത്.
മുഹമ്മ ചാരമംഗലം മഠത്തില്‍ പടിഞ്ഞാറേതില്‍ സുനില്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള ശ്രീ ലക്ഷ്മി ഫ്ലവർ ആൻഡ് പൂജ സ്റ്റോർസിന്‍റെ രണ്ടും കാവുങ്കല്‍ മുണ്ടുചിറയില്‍ സോമ ലതയുടെ തയ്യല്‍ കടയുടെ രണ്ടും മുറികളാണ് കത്തിയത്. അപകടസമയത്ത് കടകളില്‍ ആരും ഉണ്ടായിരുന്നില്ല.
വ്യാഴാഴ്ച പുലർച്ച പൂക്കട തുറന്നിരുന്നു. തുടർന്ന് പത്തിന് ജീവനക്കാരൻ കട പൂട്ടി ചായ കുടിക്കാൻ പുറത്ത് പോയിരുന്നു. എട്ടിനാണ് സോമലത തയ്യല്‍കട തുറന്നത്. പിന്നീട് കടയുട ഷട്ടർ മാത്രം ഇട്ട ശേഷം മരണാനന്ത ചടങ്ങില്‍ പങ്കെടുക്കാൻ ഇവർ തലവടിക്ക് പോയിരുന്നു ഈ സമയത്താണ് അഗ്നിബാധ ഉണ്ടായത്. തീയും പുകയും കണ്ട് റോഡില്‍ കൂടെ പോയവർ തൊട്ടടുത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മണ്ണഞ്ചേരി പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിച്ചു.
നാട്ടുകാർ ആദ്യം രക്ഷാപ്രവർത്തനം നടത്തിയതിനാൻ തീ കൂടുതല്‍ പടരുന്നത് ഒഴിവായി. പിന്നീട് ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളില്‍നിന്ന് മൂന്ന് യൂനിറ്റ് അഗ്നിരക്ഷാ സേന എത്തിയാണ് തീകെടുത്തിയത്.
പൂക്കടയിലെ സ്റ്റേഷനറി സാധനങ്ങള്‍, തുണികള്‍, ഫ്രിഡ്ജ്, മേശ, വൈദ്യുതി ഉപകരണങ്ങള്‍ ഉള്‍പ്പടെ പൂർണമായി അഗ്നിക്കിരയായി. നാലു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സുനില്‍ കുമാർ പറഞ്ഞു.
കേരള ബാങ്കില്‍നിന്ന് കഴിഞ്ഞ മാസം മൂന്നു ലക്ഷം രൂപ വായ്പ എടുത്തിരുന്നതായും ആ തുക ഉപയോഗിച്ച് കടയിലേക്ക് സാധങ്ങള്‍ വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നു. മേശയില്‍ സൂക്ഷിച്ചിരുന്ന 18,000 രൂപയും കത്തിനശിച്ചു. തയ്യല്‍ കടയുടെ വയറിങ് ഉള്‍പ്പടെ കത്തി നശിച്ചു.
തീ പടരുന്നത് കണ്ടപ്പോള്‍ തന്നെ ഓടിക്കൂടിയവർ ഷട്ടർ ഉയർത്തി തയ്യല്‍ മെഷീനുകള്‍ ഉള്‍പ്പടെയുള്ളവ പുറത്തെത്തിച്ചതിനാല്‍ നാശനഷ്ടം ലഘുകരിച്ചു. ഓട് മേല്‍ക്കൂര പൂർണമായും കത്തി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്ന് കരുതുന്നു.