കാലവര്‍ഷം പിൻവാങ്ങി: മഴ കൂടുതല്‍ കണ്ണൂരില്‍

 ജൂണ്‍ ഒന്നിന് തുടങ്ങി 122 ദിവസം പിന്നിട്ട് കാലവർഷം രാജ്യത്ത് നിന്ന് പിൻവാങ്ങി. കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജൂണ്‍ മുതല്‍ സെപ്റ്റംബർ വരെ രാജ്യത്ത് ഏറ്റവുമധികംമഴലഭിച്ചത് ഗോവയിലാണ്.

4401 മില്ലിമീറ്റർ മഴയാണ് ഗോവയില്‍ ലഭിച്ചത്. കേന്ദ്രഭരണ പ്രദേശമായ ദാം ആൻഡ് ദിയു ആണ് രണ്ടാം സ്ഥാനത്തുള്ളത്. 2885 മില്ലിമീറ്റർ മഴയാണ് അവിടെ പെയ്തത്.

മേഘാലയ ആണ് മൂന്നാം സ്ഥാനത്തുള്ളത്. 2430 മിമീ മഴയാണ് കാലവർഷത്തില്‍ ലഭിച്ചത്. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. 1748 മിമീ മഴയാണ് കാലവർഷത്തില്‍ കേരളത്തില്‍ ലഭിച്ചത്.സംസ്ഥാനടിസ്ഥാനത്തിലുള്ള കാലവർഷത്തിലെ മഴയുടെ കണക്ക് (അവലംബം ഐഎംഡി)

കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ മഴ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കുസാറ്റിലെ മെട്രോളജി വിഭാഗം അധ്യാപകൻ ഡോ എസ് അഭിലാഷ് പറഞ്ഞു. “സംസ്ഥാനത്ത് കാലവർഷത്തില്‍ 2018.6 മഴയാണ് ലഭിക്കേണ്ടത്. ലഭിച്ചതാകട്ടെ 1748.1 മിമീ മഴയും. 13 ശതമാനം മഴക്കുറവാണ് ഇത്തവണ ഉണ്ടായത്”-ഡോ അഭിലാഷ് പറഞ്ഞു.

ഒന്നാമത് കണ്ണൂർ

സംസ്ഥാനത്ത് കാലവർഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂരാണ്. 3023.3മിമീ മഴയാണ് കണ്ണൂരില്‍ ലഭിച്ചത്. 2623മിമീ ശതമാനം മഴയാണ് കാലവർഷത്തില്‍ കണ്ണൂരില്‍ ലഭിക്കേണ്ടത്. എന്നാല്‍, ഇത്തവണ 15ശതമാനം അധികമഴയാണ് ലഭിച്ചത്. മഴ കൂടുതല്‍ ലഭിച്ച രണ്ടാമത്തെ ജില്ല കാസർകോടാണ്. 2603മിമീ ശതമാനം മഴ ലഭിച്ചു. എന്നാല്‍ ലഭിക്കേണ്ട മഴയേക്കാള്‍ ഒൻപത് ശതമാനം മഴക്കുറവാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്.

കാലവർഷത്തില്‍ ഏറ്റവും കുറവ് മഴ പെയ്തത് തിരുവന്തപുരം ജില്ലയിലാണ്. 866 മിമീ മഴയാണ് ജില്ലയില്‍ ലഭിച്ചത്. ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ വയനാട്ടില്‍ 1713.3 മിമീ മഴയാണ് ലഭിച്ചത്. 2464.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 30 ശതമാനം മഴകുറവാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്.

മഴ കൂടി

കഴിഞ്ഞ വർഷത്തേക്കാള്‍ ഇക്കുറി കേരളത്തില്‍ കാലവർഷത്തില്‍ കുടുതല്‍ മഴ ലഭിച്ചു. കഴിഞ്ഞ വർഷം 1326.1 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. മൊത്തം ലഭിക്കേണ്ട മഴയില്‍ 34ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ മഴയില്‍ 13 ശതമാനം മാത്രമാണ് കുറവ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് ജൂലൈയില്‍ മാത്രമാണ് അധികമഴ ലഭിച്ചത്. ജൂലൈയില്‍ 16 ശതമാനം അധിക മഴയാണ് ലഭിച്ചത്. ജൂണില്‍ 25 ശതമാനവും ഓഗസ്റ്റില്‍ 30 ശതമാനവും സെപ്റ്റംബറില്‍ 31 ശതമാനവും മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കുറി കാലവർഷത്തില്‍ സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ മഴ രേഖപ്പെടുത്തിയത് ജൂലൈ 30-നാണ്. 118.5 മില്ലിമീറ്റർ മഴയാണ് അന്ന് രേഖപ്പെടുത്തിയത്.

ഇനി തുലാവർഷം

തുലാവർഷത്തില്‍ സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നതെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം കാലാവസ്ഥ വിദഗ്ദൻ രാജീവൻ എരിക്കുളം പറഞ്ഞു. ഒക്ടോബറില്‍ സാധാരണ മഴ ലഭിക്കാനേ സാധ്യതയുള്ളൂ. എന്നാല്‍ നവംബറില്‍ അധികമഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് രാജീവൻ എരിക്കുളം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *