വിളവെടുപ്പ് കാലത്തെ ന്യൂനമർദത്തെത്തുടർന്ന് കാലംതെറ്റി മഴ പെയ്തതോടെ കാപ്പി പറിക്കാനാവാതെ കർഷകർ വലയുന്നു.
മഴയെ തുടർന്ന് കാപ്പി പൂത്തതാണ് വിളവെടുക്കാൻ കഴിയാത്തത്. പഴുത്ത കാപ്പികള്‍ വവ്വാലുകള്‍ നശിപ്പിക്കുന്നത് കർഷകരെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്നു.
മഴ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിളവെടുത്ത കാപ്പി ഉണക്കാൻ കഴിയാത്തതും കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മഴ ചെറുകിട കർഷകരെയും വൻകിട കർഷകരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. ചെറുകിട കർഷകർ പറിച്ചെടുക്കുന്ന കാപ്പി ഉണക്കാൻ മിനക്കെടാതെ കിട്ടുന്ന വിലയ്ക്ക് കൊടുത്ത് ഒഴിവാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മാനന്തവാടി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ പെയ്ത മഴയെ തുടർന്നാണ് കാപ്പി വ്യാപകമായി പൂത്തത്.
ഇവ കരിയുന്നതുവരെ കാപ്പി പറിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. തൊഴിലാളികളെ കിട്ടാത്തതും കർഷകരെ അലട്ടുന്നു. അമിതകൂലി നല്‍കി പറപ്പിച്ചാലും അതിനനുസരിച്ച് വില ലഭിക്കാത്തതിനാല്‍ കൈയില്‍നിന്ന് കൂലി കൊടുക്കാൻ പണം കണ്ടെത്തേണ്ട സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. മഴ ഇനിയും തുടർന്നാല്‍ കാപ്പി കർഷകരുടെ സ്ഥിതി പരുങ്ങലിലാകും.