താഴെ നിറഞ്ഞുനില്ക്കുന്ന വെള്ളവും മേലെ കറുത്ത ആകാശവും നോക്കി ഭീതിയോടെ നില്‍ക്കുകയാണ് കോള്‍ മേഖലയിലെ കർഷകർ.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ നടീല്‍ കഴിഞ്ഞ പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. വെള്ളം വറ്റിക്കാൻ പാടുപെടുമ്ബോള്‍ കാർമേഘം മൂടിയ ആകാശം കർഷകരെ ധർമസങ്കടത്തിലാക്കുന്നു. മറുഭാഗത്ത് ഇനിയും നടീല്‍ ആരംഭിക്കാത്ത നൂറുകണക്കിന് ഏക്കർ കോള്‍പാടങ്ങളിലെ കർഷകർ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. നടീല്‍ കഴിഞ്ഞാല്‍ മഴ പെയ്യുമോ എന്ന ആശങ്കയും ഞാറ് മൂപ്പെത്തിയാല്‍ നടാൻ കഴിയാതെ വരുമോ എന്ന പേടിയും കർഷകർക്കുണ്ട്.
ഇനിയും മഴ പെയ്തേക്കാമെന്ന കാലാവസ്ഥ പ്രവചനം നടീലിനായി പാടം ഒരുക്കി കാത്തിരിക്കുന്നവരെ ഏറെ കുഴക്കുകയാണ്. ഇനിയും മഴ പെയ്യുന്ന പക്ഷം നൂറടി തോട് കവിഞ്ഞൊഴുകി കൃഷിയിടങ്ങളില്‍ വെള്ളം മൂടും. പല ഭാഗങ്ങളിലും ചാക്കില്‍ മണ്ണ് നിറച്ച് നൂറടി തോടിന് മുകളിലിട്ടാണ് വെള്ളം തടയുന്നത്. കൂടാതെ പമ്ബിങ് പൂർത്തീകരിച്ച് വെള്ളം കെട്ടിനിർത്തിയ ബണ്ടുകള്‍ ഇനിയും മഴ പെയ്യുന്നതോടെ പൊട്ടുമെന്ന ഭീതിയുമുണ്ട്.
നടീല്‍ കഴിഞ്ഞ പാടങ്ങളില്‍നിന്നും കർഷകർ വെള്ളം പമ്ബിങ് നടത്തുമ്ബോഴും മഴമേഘങ്ങളും മൂടിക്കെട്ടിയ അന്തരീക്ഷവും കോള്‍ കർഷകരുടെ മനസ്സില്‍ ഭീതി വിതക്കുകയാണ്