കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിന് പിന്നാലെ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശജ അനിത ആനന്ദും. കാനഡ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിതയാണ് തമിഴ് സ്വദേശിയായ അനിത ആനന്ദ് (57). നിലവിൽ ഗതാഗതം, ആഭ്യന്തര വ്യാപാരം വകുപ്പുകളുടെ മന്ത്രിയാണ്. നേരത്തെ പ്രതിരോധ മന്ത്രിയായും ചുമതല വഹിച്ചിരുന്നു.
2019ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച അനിത ലിബറൽ പാർട്ടിയുടെ ശക്തരായ നേതാക്കളിൽ ഒരാളാണ്. അനിത ഉൾപ്പടെ അഞ്ച് പേരുടെ പേരാണ് പ്രധാനമന്ത്രി പദത്തിലേക്ക് കേൾക്കുന്നത്. ടൊറന്റോയിലെ ഓക്വില്ലെയെ ആണ് പ്രതിനിധികരിക്കുന്നത്. പബ്ലിക് സർവീസസ് ആൻഡ് പൊക്യൂർമെന്റ് വകുപ്പ് മന്ത്രിയായിരുന്നപ്പോൾ കൊവിഡ് വാക്സീൻ രാജ്യത്ത് എത്തിച്ചതിൽ നിർണായക പങ്ക് അനിത വഹിച്ചിട്ടുണ്ട്. 2021ലാണ് കാനഡയുടെ പ്രതിരോധ മന്ത്രിയായത്.നോവ സ്‌കോട്ടിയയിലെ കെന്റ്‌വില്ലെയിലാണ് അനിത ജനിച്ചത്. അനിതയുടെ അമ്മ സരോജ് ഡി റാമും പിതാവ് എസ് വി ആനന്ദും ഡോക്ടർമാരാണ്. ഗീതയും സോണിയയുമാണ് സഹോദരങ്ങൾ . ക്രിസ്റ്റിയ ഫ്രീലാൻഡ്, മാർക് കാർണെ, മെലനി ജോളി, ഫ്രൻസ്വെ–ഫിലിപ്പെ ഷാംപെയ്ൻ എന്നിവരെയും പ്രധാനമന്ത്രി പദവിയിലേക്കു പരിഗണിക്കപ്പെടുന്നു.ഒക്ടോബറിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജസ്റ്റിൻ ട്രൂഡോ രാജിവച്ചത്. ഖാലിസ്ഥാൻ തീവ്രവാദികളെ പിന്തുണച്ച് ഇന്ത്യാ വിരുദ്ധ നിലപാടെടുത്ത ട്രൂഡോ അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങൾക്ക് ഇരയായിരുന്നു. പാളിയ കുടിയേറ്റ നയം, ഭവന പ്രതിസന്ധി, വിലക്കയറ്റം തുടങ്ങിയവ രാജ്യത്തും തലവേദന സൃഷ്ടിച്ചു.