കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ) ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
ഇന്ന് ഡല്‍ഹിയില്‍ സി.ബി.സി.ഐ ആസ്ഥാനത്ത് നടക്കുന്ന ആഘോഷപരിപാടികളിലാണ് മോദി പങ്കെടുക്കുക. ഇന്ന് വൈകീട്ട് ആറ് മണിക്കാണ് പരിപാടി.
ക്രിസ്ത്യൻ സമുദായത്തിലെ പ്രമുഖ നേതാക്കളുമായി പ്രധാനമന്ത്രി സംവദിക്കും. പരിപാടിയില്‍ നിരവധി മതപുരോഹിതന്മാര്, പൗരപ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കും. കരോള്‍ ഗാനങ്ങളടക്കം ആഘോഷത്തിന്റെ ഭാഗമാകും. അത്താഴവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ വസതിയിലെ ക്രിസ്മസ് ആഘോഷ പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി പങ്കുവെച്ചിരുന്നു.