കാട്ടാന ആക്രമണത്തില്‍ മരിച്ച അമര്‍ ഇലാഹിയുടെ കബറടക്കം പൂര്‍ത്തിയായി; കുടുംബത്തിന് ധന സഹായം പ്രഖ്യാപിച്ചു!

മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ മരിച്ച അമര്‍ ഇലാഹിയുടെ ഖബറടക്കം പൂർത്തിയായി. രാവിലെ 8:30 ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് ഖബറടക്കം നടന്നത്.

പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി അമറിന്റെ മൃതദേഹം പുലര്‍ച്ചെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു.

കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ വണ്ണപുറം പഞ്ചായത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിൻ അമറിന്റെ വീട്ടില്‍ എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചിരുന്നു.

ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ അമര്‍ ഇലാഹി കൊല്ലപ്പെട്ടത്. തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം നടന്നത്. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. അമര്‍ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാടിനോട് ചേര്‍ന്നാണ് അമര്‍ ഇലാഹിയുടെ വീട്. വീടിനടുത്ത് വെറും 300 മീറ്റര്‍ മാത്രം അകലെ വച്ചായിരുന്നു അമറിനെ കാട്ടാന ആക്രമിച്ചത്. അമർ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി താത്കാലികമായി ജോലി ചെയ്ത് വരികയായിരുന്നു. അമിറിന്റെ കൂടെയുണ്ടായിരുന്ന ആള്‍ പറഞ്ഞാണ് സംഭവം പുറംലോകമറിയുന്നത്. തൊടുപുഴ ആശുപത്രിക്ക് മുന്നില്‍ നാട്ടുകാര്‍ ഇന്നലെ പ്രതിഷേധം നടത്തിയിരുന്നു. മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണമെന്നും പ്രതിഷേധത്തില്‍ നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടയില്‍ അമറിന്റെ കുടുംബത്തിന് വനംവകുപ്പ് ധനസഹായം പ്രഖ്യാപിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അമർ ഇലാഹിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ദുരന്ത നിവാരണ വകുപ്പുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തുക ഉടന്‍ തന്നെ കുടുംബത്തിന് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *