എച്ച്.ഡി കോട്ട ഗുണ്ഡ്രെ ഫോറസ്റ്റ് റേഞ്ചിലെ ബേഗൂർ ഗ്രാമപഞ്ചായത്തില്‍ തിങ്കളാഴ്ച വൈകീട്ടുണ്ടായ കാട്ടാന ആക്രമണത്തില്‍ വനം വാച്ചർ കൊല്ലപ്പെട്ടു.കലൈഞ്ചനഹള്ളിയിലെ ചന്ദ്രുവിന്റെ മകൻ ശശാങ്കാണ് (22) മരിച്ചത്. ശശാങ്കും വാച്ചർ രാജുവും ഇൻസ്പെക്ഷൻ ബംഗ്ലാവ് പരിസരത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് പെട്ടെന്ന് കാട്ടാന ആക്രമിച്ചത്. കബനി നദി ഭാഗത്തേക്ക് ഓടിയ ശശാങ്കിന്റെ വയറ്റില്‍ ചവിട്ടിയ ആന, തുമ്ബിക്കൈയില്‍ എടുത്ത് കബനിയിലേക്ക് വലിച്ചെറിഞ്ഞതോടെ തല്‍ക്ഷണം മരിച്ചു. രാജു കബനിയില്‍ ചാടി രക്ഷപ്പെട്ടു. രാജു വിവരം നല്‍കിയതനുസരിച്ച് ഗുണ്ഡ്രെ റേഞ്ച് ഫോറസ്റ്റ് ഓഫിസർ അമൃതേഷും സംഘവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു. ചൊവ്വാഴ്ച ശശാങ്കിന്റെ വീട്ടിലെത്തിയ അനില്‍ ചിക്കമഡു എം.എല്‍.എ അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറി.