കവര്‍ന്നത് 1500 പവൻ, സ്വന്തമാക്കിയത് നാലുകോടിയുടെ തുണിമില്ല്; മോഷ്ടാവ് ‘റോഡ്മാൻ’ പിടിയില്‍

തമിഴ്നാട്ടില്‍ 68 കവർച്ചകള്‍ നടത്തിയ സംഘത്തിന്റെ തലവനെ കോയമ്ബത്തൂർ സിറ്റി പോലീസ് അറസ്റ്റുചെയ്തു.

തേനി പെരിയകുളം സ്വദേശി മൂർത്തിയാണ് (36) അറസ്റ്റിലായത്.

‘റോഡ്മാൻ’ എന്നപേരില്‍ അറിയപ്പെടുന്ന പ്രതി കോയമ്ബത്തൂരില്‍ മാത്രം 18 കവർച്ചകള്‍ നടത്തിയെന്ന് നോർത്ത് സോണ്‍ പോലീസ് ഡെപ്യൂട്ടി കമ്മിഷണർ സ്റ്റാലിൻ പറഞ്ഞു. കവർച്ചസംഘത്തില്‍ ഏഴുപേരാണ് ഉള്ളത്. ഇതില്‍ ഹംസരാജിനെയും (26) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിട്ടുണ്ട്്. ഇവരില്‍ നിന്നും 63 പവൻ സ്വർണവും വിലകൂടിയ കാറുകളും ബൈക്കും പിടികൂടി.

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍നിന്ന് ഈസംഘം 1500 പവൻ സ്വർണം മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.ഇതില്‍ കോയമ്ബത്തൂരില്‍നിന്നുമാത്രം 376 പവൻ കവർന്നു. സ്വർണം വിറ്റ് നാലുകോടിരൂപ വിലവരുന്ന തുണിമില്‍ രാജാപാളയത്ത് മൂർത്തി സ്വന്തമാക്കിയതായി പോലീസ് പറഞ്ഞു.

2020 മുതലാണ് മൂർത്തി കവർച്ച തുടങ്ങിയത്. രണ്ടുവർഷമായി കോയമ്ബത്തൂർ കേന്ദ്രീകരിച്ചു മോഷണം നടത്തുന്നു. റെയില്‍വേ പാളങ്ങള്‍ക്ക് സമീപത്തെ വീടുകള്‍ കണ്ടെത്തിയാണ് മോഷണം നടത്തുന്നത്.

ഇരുമ്ബ് കമ്ബി ഉപയോഗിച്ച്‌ വീടിന്റെ വാതില്‍ തകർത്ത് മോഷണം നടത്തുന്നത് കൊണ്ടാണ് റോഡ്മാൻ എന്ന് പേര് വന്നത്. സംഘത്തിലെ മറ്റുള്ളവരെ പിടിക്കാൻ പോലീസിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *