ഒരുകാലത്ത് കാല്‍പന്ത് മൈതാനങ്ങളെ ആവേശംകൊള്ളിച്ച ബൂട്ടുകള്‍ വീണ്ടും ഖത്തറിന്റെ മണ്ണില്‍ മാന്ത്രിക സ്പർശവുമായെത്തുന്നു
രണ്ടു വർഷം മുമ്ബ് ലോകകപ്പ് ഫുട്ബാളിന്റെ ഹരം പെയ്തൊഴിഞ്ഞ മണ്ണിലാണ് ആ ഓർമകള്‍ക്കിടെ ഇതിഹാസങ്ങളെല്ലാം വീണ്ടുമെത്തുന്നത്.
നവംബർ 28ന് ഖലീഫ ഇന്റർനാഷനല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലെജൻഡ്സ് എല്‍ ക്ലാസിക്കോയില്‍ റയല്‍ മഡ്രിഡിന്റെയും ബാഴ്സലോണയുടെയും കഴിഞ്ഞ പതിറ്റാണ്ടുകളിലെ സൂപ്പർതാരങ്ങള്‍ അണിനിരക്കുമ്ബോള്‍ ആരാധകർക്കിത് ഫുട്ബാള്‍ ഓർമകളുടെ വസന്തകാലം.
ഒരേ സമയം ക്ലബ് കുപ്പായത്തിലും ദേശീയ ടീമുകളിലുമായി മിന്നും പ്രകടനങ്ങളും കിരീടനേട്ടങ്ങളുമായി ഫുട്ബാളില്‍ വീരചരിതം രചിച്ചവരാണ് നീണ്ട ഇടവേളകള്‍ക്കുശേഷം തങ്ങളുടെ പ്രിയപ്പെട്ട കുപ്പായത്തില്‍ വീണ്ടുമൊന്നിക്കുന്നത്.
ലൂയി ഫിഗോ ഐകർ കസിയസ് ഡേവിഡ് വിയ റൊണാള്‍ഡീന്യോ
മധ്യപൂർവേഷ്യയിലെ ഫുട്ബാള്‍ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന അങ്കത്തിന്റെ ടിക്കറ്റ് വില്‍പന തകൃതിയായി പുരോഗമിക്കുമ്ബോഴും ഇതിഹാസ താരങ്ങളുടെ മുഴുവൻ പട്ടിക സംഘാടകർ പുറത്തു വിട്ടിട്ടില്ല. ആരാധകർക്ക് ആവേശം നിറഞ്ഞ സർപ്രൈസുകള്‍ ഒളിപ്പിച്ച് ഘട്ടംഘട്ടമായാണ് സംഘാടകർ താരപ്പട്ടിക പുറത്തുവിടുന്നത്.
കളിയഴകും, നായക മികവും, ഗോളടിയുമായി ഒരു കാലഘട്ടത്തെ തന്നെ ത്രസിപ്പിച്ച താരങ്ങളാണ് ഇരു നിരയിലുമായി അടുത്തയാഴ്ച ഖത്തറിന്റെ മണ്ണില്‍ പന്തുതട്ടുന്നത്.
റയല്‍ മഡ്രിഡിന്റെ ഇതിഹാസങ്ങളായ ഗോള്‍ കീപ്പർ ഐകർ കസിയസ്, ലൂയി ഫിഗോ, ക്ലാരൻസ് സീഡോഫ് എന്നിവരും, ബാഴ്സലോണ നിരയില്‍ റൊണാള്‍ഡീന്യോ, ഡേവിഡ് വിയ്യ, പാട്രിക് ൈക്ലവർട്ട്, റിവാള്‍ഡോ എന്നിവരുമാണ് നിലവില്‍ ഇതുവരെ പ്രഖ്യാപിക്കപ്പെട്ട ലെജൻഡ്സ് താരങ്ങള്‍.
നവംബർ 28ന് രാത്രി ഏഴിനാണ് മത്സരങ്ങള്‍ക്ക് കിക്കോഫ് കുറിക്കും. വിസിറ്റ് ഖത്തർ ആതിഥ്യമൊരുക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയും സജീവമാണ്. 100, 200 റിയാല്‍ ടിക്കറ്റുകള്‍ ഇതിനകം വിറ്റഴിഞ്ഞു. 500 റിയാലിന്റെ കാറ്റഗറി ടിക്കറ്റുകള്‍ ലഭ്യമാണ്.
നൂറ്റാണ്ടിന്റെ റൈവല്‍റി
സ്പാനിഷ് ഫുട്ബാളിലും യൂറോപ്യൻ ക്ലബ് ലീഗുകളിലുമായി ഏറ്റവും വലിയ ക്ലബ് റൈവല്‍റിയാണ് ബാഴ്സലോണയുടെയും റയല്‍ മഡ്രിഡിന്റെയും പോരാട്ടമായ ‘എല്‍ ക്ലാസികോ’. സ്‍പെയിനിലെ അല്‍ഫോണ്‍സോ 13ാമൻ രാജാവിന്റെ സ്ഥാനാരോഹണത്തിന്റെ ഭാഗമായി 1902 മേയ് മാസത്തില്‍ നടന്ന ‘കോപ ഡി ലാ കൊറോനാസിയോൻ’ എന്ന ടൂർണമെന്റോടെയായിരുന്നു ലോക ഫുട്ബാളില്‍ ഇന്ന് ഏറ്റവും ഏറെ ആരാധകരുള്ള ‘എല്‍ ക്ലാസിക്കോ’ അരങ്ങേറ്റം.
സ്‍പെയിനിലെ മുൻനിര ക്ലബുകള്‍ മാറ്റുരച്ച ടൂർണമെന്റിന്റെ സെമി ഫൈനലില്‍ ബാഴ്സലോണയും മഡ്രിഡ് എഫ്.സിയും കൊമ്ബുകോർത്തതോടെ ഒരു ഫുട്ബാള്‍ റൈവല്‍റിക്ക് തുടക്കം കുറിക്കുകയായിരുന്നു. ആദ്യ ഏറ്റുമുട്ടലില്‍ 3-1ന് ബാഴ്സലോണ ജയിച്ചത് ചരിത്രമായി.
നിലവിലെ കോപ ഡെല്‍ റെ എന്ന സ്പാനിഷ് ക്ലബ് ടൂർണമെന്റിന്റെ പ്രഥമ ചാമ്ബ്യൻഷിപ്പായാണ് ‘കോപ ഡി ലാ കൊറോനാസിയോൻ’ നടന്നത്. അടുത്ത വർഷം മുതല്‍ ഇത് കോപ ഡെല്‍ റെ ആയി സജീവ ഫുട്ബാള്‍ മേളയായി മാറി.
അധികം വൈകാതെ ബാഴ്സലോണ സ്‍പെയിനിന്റെ കാറ്റലോണിയൻ വാദക്കാരുടെ അടയാളമായി മാറിയപ്പോള്‍, റയല്‍ മഡ്രിഡ് സ്പാനിഷ് ദേശീയതയുടെ പ്രതീകവുമായി. ഇതോടെ, എല്‍ ക്ലാസിക്കോയുടെ വൈരം കളിക്കുപരി രാഷ്ട്രീയവുമായി മാറിയത് ചരിത്രം.
ക്ലബ് പോരാട്ടത്തിനൊപ്പം ഇരുക്ലബുകളിലെ സൂപ്പർതാരങ്ങളുടെ റൈവല്‍റിയും ആരാധകർ ഏറ്റെടുത്തു ലസ്ലോ കുബാല-ആല്‍ഫ്രഡോ ഡിസ്റ്റിഫാനോ ആയിരുന്നു ആദ്യ താരപ്പോര്. പിന്നെ അത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-മെസ്സി പോര് വരെ തുടർന്നു.
ക്ലബ് ഫുട്ബാളില്‍ നൂറ്റാണ്ടിലേറെയായി തുടരുന്ന ഈ റൈവല്‍റിയുടെ സൗഹൃദ അങ്കത്തിനാണ് വിരമിച്ച താരങ്ങളുമായി ലെജൻഡ്സ് എല്‍ ക്ലാസിക്കോക്ക് ദോഹ വേദിയാകുന്നത്.