കല കൊലക്കേസ്; പ്രതികളുടെ മൊഴിയില്‍ വൈരുദ്ധ്യം, അനില്‍ കുമാറിനെ ഉടൻ നാട്ടിലെത്തിക്കും

മാന്നാർ കല കൊലപാതക കേസില്‍ മുഖ്യപ്രതി അനില്‍കുമാറിനെ നാട്ടിലെത്തിക്കുന്നത് വേഗത്തിലാക്കാനൊരുങ്ങി പൊലീസ്.

ആദ്യം അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്ബ് അനിലിനെ എത്തിക്കാനാണ് പൊലീസിന്‍റെ നീക്കം. നിലവില്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴികളില്‍ വൈരുദ്ധ്യം തുടരുകയാണ്.

കൊലപാതകം നടന്ന തീയതി ഉറപ്പിക്കാനോ ആയുധം എവിടെയെന്ന് കണ്ടെത്താനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മൃതദേഹം കൊണ്ടുപോയി എന്ന് പറയപ്പെടുന്ന മാരുതി കാർ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 15 വർഷം മുമ്ബുള്ള കാർ എവിടെ എന്നതില്‍ യാതൊരു സൂചനയും നിലവിലില്ല. സെപ്റ്റിക് ടാങ്കില്‍ നിന്നും കിട്ടിയ സാമ്ബിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ്. ഈ പരിശോധന ഫലം കിട്ടിയതിനുശേഷം മാത്രമായിരിക്കും മൃതദേഹം കലയുടേതാണെന്ന് ഉറപ്പിക്കാൻ കഴിയുക.

കേസില്‍ നാല് പ്രതികളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഭർത്താവ് അനിലാണ് കേസിലെ ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. നാലുപേരും ചേർന്ന് കലയെ കാറില്‍വച്ചു കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി എന്നാണ് പൊലീസിന്റെ നിഗമനം. യുവതിയെ പതിനഞ്ച് വർഷം മുൻപ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടി എന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *