കൂത്തുപറമ്ബിനു സമീപം വട്ടിപ്രത്ത് ‘മനുഷ്യ നിർമിത ഉരുള്‍പൊട്ടല്‍’. ഇവിടെ പ്രവർത്തിച്ചു വന്ന ക്വാറിയുടെ ഒരു ഭാഗം തകർന്ന് വെള്ളം കുത്തിയൊലിച്ച് ഒഴുകി ഒരു വീട് പൂർണമായും തകർന്നു.
ആളപായമില്ല.
മാവുള്ള കണ്ടി ബാബുവിന്റെ വീടാണ് പൂർണമായും തകർന്നത്. പ്രസീദ് എന്ന ആളുടെ വീടിന്റെ മേല്‍ക്കൂരയും തകർന്നു. നാല് വീടുകള്‍ക്ക് ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
വലിയ ശബ്ദം കേട്ടാണ് ഇന്നലെ പുലർച്ചെ നാട്ടുകാരില്‍ പലരും ഉറക്കമുണർന്നത്. നിമിഷ നേരത്തിനുള്ളില്‍ കല്ലുകളും ചെളിയും ഇരച്ചെത്തി. ബാബു കണ്ടു നില്‍ക്കെയാണ് ചെളിയും വെള്ളവും കരിങ്കല്‍ ചീളുകളും വീട്ടിലും പറമ്ബിലും നിറഞ്ഞത്. വീടിനു പുറത്തായതിനാലാണ് കുടുംബം രക്ഷപ്പെട്ടത്.
കല്ലും ഓടും കിടപ്പു മുറിയിലും മറ്റ് മുറികളിലും നിറഞ്ഞു കിടക്കുന്നു. അപ്രതീക്ഷിത അപകടത്തില്‍ ബാബുവിന്റെ പശുക്കിടാവ് ഒലിച്ചു പോയിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി.
ക്വാറിയില്‍ ഒരു ഭാഗത്തു നിന്നു മണ്ണിടിഞ്ഞു വീണപ്പോള്‍ വെള്ളം പുറത്തേക്ക് തള്ളി വന്നതാണ് ദുരന്ത കാരണമെന്ന് റവന്യൂ വകുപ്പ് അധികൃതർ സംശയിക്കുന്നു. ഉരുള്‍ പൊട്ടല്‍ ഭീഷണിയെ തുടർന്ന് പ്രദേശത്തെ വീടുകളില്‍ നിന്നു ആള്‍ക്കാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അഗ്നിശമന സേനയും പൊലീസും സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു.
നേരത്തെ ജനവാസ കേന്ദ്രത്തില്‍ പ്രവർത്തിക്കുന്ന ഈ ക്വാറിക്കെതിരെ പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയെടുത്തില്ലെന്ന പരാതിയുണ്ട്. ഇത്തരത്തിലുള്ള നിരവധി ചെങ്കല്‍, കരിങ്കല്‍ ക്വാറികളാണ് പാനൂർ കൂത്തുപറമ്ബ് മേഖലയില്‍ പ്രവർത്തിക്കുന്നത്.