കലോത്സവങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പരസ്നേഹവും സാഹോദര്യവും സഹവർത്തിത്വവും ഐക്യവും എല്ലാം ഊട്ടിയുറപ്പിക്കാൻ വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാന സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കലാപ്രകടനങ്ങള്‍ക്കുള്ള വേദിയായിരിക്കുമ്ബോള്‍ തന്നെ അത്തരം കാഴ്ചപ്പാടുകള്‍ക്കു കൂടി ഇവിടെ പ്രാധാന്യം കൈവരണം. ചിലപ്പോഴെല്ലാം കലോത്സവ വേദികള്‍ കിടമത്സരങ്ങളുടെയും തർക്കങ്ങളുടെയും എല്ലാം വേദിയാകാറുണ്ട്. അതുണ്ടാവാതെ ഇരിക്കാനും കലാപരമായ കഴിവുകളുടെ പ്രകാശനത്തിനു കൈവരുന്ന അവസരമായി ഇതിനെ കാണാനും എല്ലാവരും ശ്രമിക്കണം.
“യുവജനഹൃദയം സ്വതന്ത്രമാണ്, അവരുടെ കാമ്യപരിഗ്രഹേച്ഛയില്‍’ എന്നെഴുതിയത് മറ്റാരുമല്ല മഹാകവി കുമാരനാശാനാണ്. ആഗ്രഹങ്ങളുടെ സാഫല്യത്തിനുവേണ്ടിയുള്ള സ്വാതന്ത്ര്യമാണ് പുതുതലമുറ ഇച്ഛിക്കുന്നത്. ആ ആഗ്രഹങ്ങളുടെ സർഗാത്മകമായ പ്രതിഫലനമാകും ഇനി ഇവിടെ നടക്കാൻ പോകുന്ന കലാ ആവിഷ്കാരങ്ങള്‍ എന്നു പ്രതീക്ഷിക്കുന്നു.
ഈ കലോത്സവം ശ്രദ്ധേയമാകാൻ പോകുന്നത് ഇവിടെ അവതരിപ്പിക്കപ്പെടാൻ പോകുന്ന കലാരൂപങ്ങളുടെ വൈവിധ്യസമൃദ്ധി കൊണ്ടാണ്. ഒരു വൈവിധ്യവുമില്ലാത്ത ഏകതാനതയാണ് കലോത്സവത്തിന്റെ മുഖമുദ്രയെങ്കില്‍ അത് എത്ര വിരസമായിരിക്കും? ഇത് കലയുടെ കാര്യത്തില്‍ മാത്രമല്ല, സമൂഹത്തിന്റെ ആകെ കാര്യത്തില്‍ പ്രസക്തമാണ്.
രോഗാതുരമാവുന്ന മനുഷ്യമനസ്സിനെ ചികിത്സിക്കാൻ ഏറ്റവും ഉത്തമമായ ഔഷധം കലയാണ്. കലയിലൂടെ മനുഷ്യരാശിക്കു നഷ്ടപ്പെടുന്ന നന്മ വീണ്ടെടുക്കാനാവും. വിദ്യാഭ്യാസത്തില്‍ കലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുക വഴി വ്യക്തികളിലെ ക്രിയാത്മകത വർദ്ധിപ്പിക്കാൻ സാധിക്കും. മാനുഷികമായ സമസ്ത നന്മകള്‍ക്കും വേണ്ടി വെമ്ബല്‍ കൊള്ളാനായി ആസ്വാദകരെ പ്രചോദിപ്പിക്കാൻ കലയ്ക്കും സാഹിത്യത്തിനും കഴിയും. അവരെ അത് പ്രചോദിപ്പിക്കും. ജീവിതത്തെ കൂടുതല്‍ ജീവിതയോഗ്യമാക്കിയെടുക്കാനതു സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.