: കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതി.
അടുത്തദിവസം തന്നെ വെന്റിലേറ്റര്‍ സഹായം പൂര്‍ണമായി നീക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ. ആശുപത്രി കിടക്കയില്‍ നിന്ന് മക്കള്‍ക്ക് കുറിപ്പ് എഴുതി നല്‍കിയത് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ നല്ല സൂചനയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഓര്‍മകള്‍ ബാക്കിയുണ്ട്. മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ്. തലച്ചോറിനുണ്ടായ ക്ഷതം ശരീരത്തെ ബാധിച്ചോ, ഉണ്ടെങ്കില്‍ അത് എങ്ങനെയാണ് എന്നതൊക്കെ ക്രമണയേ മനസിലാകൂവെന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം. എന്നാല്‍ ആശുപത്രിക്കിടക്കയില്‍ എഴുന്നേറ്റിരുന്ന് കുറിപ്പ് എഴുതിയത് ആശ്വാസകരമാണ്. ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാന്‍ ആന്റി ബയോട്ടിക് ചികിത്സ തുടരുകയാണ്. കൈകാലുകള്‍ അനക്കുന്നുണ്ടെന്നും അടുത്തദിവസം തന്നെ വെന്റിലേറ്റര്‍ സപ്പോര്‍ട്ട് പൂര്‍ണമായി മാറ്റാനാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.