പരിപ്പ് കൃഷിക്ക് പേരുകേട്ട കർണാടക കലബുറുഗിയില്‍ കർഷകർ അതിമഴയുടെ കെടുതിയില്‍. ആറു ലക്ഷം ഹെക്ടറില്‍ രണ്ടു ലക്ഷം കൃഷിഭൂമിയില്‍ വിള നശിച്ചു.
സംസ്ഥാനത്ത് പരിപ്പ് ആവശ്യത്തിന്റെ 60 ശതമാനവും ഉല്പാദിപ്പിക്കുന്ന കലബുറുഗിയിലെ 35 ശതമാനം കൃഷിയാണ് നശിച്ചത്.
പൂവിടും നേരം കാലം തെറ്റിയാണ് മഴയെത്തിയതെന്ന് കർഷകർ പറയുന്നു. ഇത് ഉല്പാദനത്തെ ബാധിച്ചു. തെളിഞ്ഞ അന്തരീക്ഷത്തില്‍ ഇളം വെയില് ലഭിക്കാറുള്ള നവംബറായിരുന്നു വിളവിന് ഏറ്റവും അനുകൂലം. എന്നാല്‍, ഇത്തവണ കഴിഞ്ഞ മാസം തോരാമഴയായിരുന്നു. വിളവെടുക്കാറായ കായകള്‍ ചീയാനും കീടബാധക്കും കാരണമായി. 40 ശതമാനം വിളവ് ഇങ്ങനെ നഷ്ടമായെന്ന് കലബുറുഗിയില്‍ പത്തേക്കറില്‍ കൃഷിയുള്ള ബസവ ഗൗഡ പറഞ്ഞു.
പ്രത്യേക സഹായ പാക്കേജ് ഏർപ്പെടുത്തണം എന്നാണ് കർഷകരുടെ ആവശ്യം. വിളനാശം തിട്ടപ്പെടുത്താൻ സർവേ സംഘടിപ്പിക്കുമെന്ന് കലബുറുഗി ജില്ല ഡെപ്യൂട്ടി കമീഷണർ ബി. ഫൗസിയ താരാനും പറഞ്ഞു. പരിപ്പ് വിളനാശം വരുംമാസങ്ങളില്‍ രാജ്യത്തെത്തന്നെ പരിപ്പ് വിപണിയില്‍ വിലക്കയറ്റം സൃഷ്ടിച്ചേക്കുമെന്നാണ് ധാന്യ വ്യാപാരികള്‍ നല്കുന്ന സൂചന.
അതിമഴയും ഫെംഗല്‍ ചുഴലിക്കാറ്റും മൂലമുണ്ടായ വിളനാശം കാരണം പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യവുമുണ്ട്. കോലാർ, രാംനഗർ, ചിക്കബെല്ലാപുർ, ബംഗളൂരു റൂറല്‍ ജില്ലകളിലാണ് നവംബറിലെ അകാല മഴയില്‍ കൃഷിനാശമുണ്ടായത്. ഇതേത്തുടർന്ന് വിപണിയില്‍ ആവശ്യാനുസരണം പച്ചക്കറി എത്താത്തതാണ് വില കൂടാൻ കാരണമെന്ന് പറയുന്നു. ചില്ലറ വില്പനയില് ഒരു കിലോ വെളുത്തുള്ളി: 500-550 രൂപക്കും എ.പി.എം.സി മാർക്കറ്റില്‍ 400-450 നിരക്കിലുമാണ് വില്‍ക്കുന്നത്. ഹോപ്കോംസില്‍ വെളുത്തുള്ളി കിലോ 530 രൂപയാണ് നിരക്ക്.