കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ച്‌: സംഘര്‍ഷത്തില്‍ ആറു പേരുടെ നില ഗുരുതരം, 10 പേര്‍ക്ക് പരിക്ക്, പൊലീസ് കണ്ണീര്‍വാതക ഷെല്‍ പ്രയോഗിച്ചു

കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാകാഞ്ഞതോടെ പുനരാരംഭിച്ച പഞ്ചാബിലെ കർഷകരുടെ ഡല്‍ഹി മാർച്ചില്‍ സംഘർഷം.

മാർച്ച്‌ ഹരിയാണ പോലീസ് ശംഭു അതിർത്തിയില്‍ വീണ്ടും തടഞ്ഞു. ഫെബ്രുവരിമുതല്‍ പ്രദേശത്ത് തമ്ബടിച്ചിരിക്കുന്ന കർഷകരെ കോണ്‍ക്രീറ്റ് വേലി കെട്ടിയും കേന്ദ്രസേനകളെ വിന്യസിച്ചുമാണ് പോലീസ് എതിരിട്ടത്. യുദ്ധസമാന സാഹചര്യമായതിനാല്‍ കർഷകർ തത്‌കാലം മാർച്ച്‌ നിർത്തി. തുടർനീക്കം തിങ്കളാഴ്ച തീരുമാനിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

വെള്ളിയാഴ്ചത്തേതുപോലെ 101 പേരുടെ സംഘമാണ് ഞായറാഴ്ചയും കാല്‍നടയായി മാർച്ച്‌ നടത്തിയത്. അനുമതിയില്ലാത്തതിനാല്‍ കടത്തിവിടാനാകില്ലെന്ന് പോലീസ് പറഞ്ഞു. കർഷകരാണെന്നതിന് തെളിവുണ്ടോയെന്ന് ചോദിച്ചത് തർക്കത്തിനിടയാക്കി. സ്ഥിതി സംഘർഷഭരിതമായതോടെ കണ്ണീർവാതകഷെല്‍ പ്രയോഗിച്ചു. ഉച്ചമുതല്‍ വൈകീട്ടുവരെ ഈ നില തുടർന്നതോടെയാണ് മാർച്ച്‌ നിർത്തിയത്.

10 പേർക്ക് പരിക്കേറ്റതായും ആറ് പേരുടെ നില ഗുരുതരമാണെന്നും സമരനേതാവ് സർവൻ സിങ് പന്ദേർ പറഞ്ഞു. പോരാട്ടത്തില്‍നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ഖനോരി അതിർത്തിയില്‍ കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ അനിശ്ചിതകാല നിരാഹാര സമരം ഞായറാഴ്ച 13 ദിവസം പിന്നിട്ടു.

കർഷകർ സമരം കടുപ്പിച്ചതോടെ ഖനോരിയിലും ശംഭുവിലും പോലീസ് സുരക്ഷ ശക്തമാക്കി. ശംഭുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ മേഖലയിലാകെ മൊബൈല്‍ ഇന്റർനെറ്റ് സേവനങ്ങള്‍ വിലക്കി. ഡല്‍ഹിയുടെ അതിർത്തികളിലും സുരക്ഷ കൂട്ടി. വായ്പയിളവും താങ്ങുവിലയ്ക്ക് നിയമപരിരക്ഷയുമടക്കമാണ് കർഷകാവശ്യങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *