കരൂരില്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം പ്രതി കൈക്കലാക്കിയ സ്വര്‍ണം പോലീസ് കണ്ടെടുത്തു.
മൃതദേഹത്തില്‍നിന്നെടുത്ത മാലയും കമ്മലുമാണ് ആലപ്പുഴ മുല്ലയ്ക്കലുള്ള സ്വര്‍ണക്കടയില്‍നിന്ന് പോലീസ് കണ്ടെടുത്തത്.
മാലയും കമ്മലും ഉള്‍പ്പെടെ 27 ഗ്രാം സ്വര്‍ണം വിറ്റ വകയിലുള്ള പണം ജൂവലറി ഉടമ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു. കടം വീട്ടുന്നതിന് വേണ്ടിയാണ് സ്വര്‍ണം വിറ്റതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.പുറക്കാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് കരൂര്‍ ഐവാട്ട് ശേരി ജയചന്ദ്രനാ(53)ണ് കാമുകിയായ വിജയലക്ഷ്മിയെ തന്റെ വീട്ടില്‍ കൊണ്ടുവന്ന് കൊലപ്പെടുത്തിയത്. ആറിനു രാത്രിയില്‍ കരൂരുള്ള വീട്ടില്‍ കൊണ്ടുവന്ന വിജയലക്ഷ്മിയെ ഏഴിനു പുലര്‍ച്ചെയാണ് കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പോലീസായിരുന്നു കേസെടുത്തിരുന്നത്.
തെളിവെടുപ്പില്‍ കൊല നടത്താന്‍ ഉപയോഗിച്ച വെട്ടുകത്തി മാത്രമാണ് ആദ്യം പോലീസിന് തെളിവായി ലഭിച്ചത്. അമ്ബലപ്പുഴ പോലീസിന് കേസ് കൈമാറിയതിന് ശേഷം നടന്ന അനേ്വഷണത്തില്‍ കൃത്യം നടന്ന സമയം പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, കരുനാഗപ്പള്ളിയില്‍ നിന്നു ജയചന്ദ്രനൊപ്പം വിജയലക്ഷ്മി പോരുമ്ബോള്‍ ഇവര്‍ കൈയില്‍ കരുതിയ ബാഗ്, കിറ്റ്, വസ്ത്രങ്ങള്‍, കൊല നടത്തിയ ശേഷം വലിച്ചിഴച്ച് സമീപത്തെ പുരയിടത്തില്‍ എത്തിച്ചതായി പറയുന്ന കയര്‍, കുഴിയെടുത്ത് മൃതദേഹം മറവു ചെയ്യാന്‍ ഉപയോഗിച്ച മണ്‍വെട്ടി എന്നിവ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
വിജയലക്ഷ്മി അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ ആലപ്പുഴയിലെ ഒരു ജൂവലറിയില്‍ വിറ്റതായി ജയചന്ദ്രന് പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇന്നലെ പ്രതിയോടൊപ്പമെത്തി കടയില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയത്.