കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജ് തീർത്ഥാടനത്തിന് പുറപ്പെടാൻ ഒരുങ്ങുന്ന തീർത്ഥാടകർക്ക് ഉയർന്ന വിമാന ടിക്കറ്റ് നിരക്കുകൾ ഇത്തവണയും തിരിച്ചടിയായേക്കും. വലിയ വിമാന സർവീസുകൾക്ക് കരിപ്പൂരിലുള്ള വിലക്കാണ് ടിക്കറ്റ് നിരക്കുകൾ വർധിക്കാനുള്ള പ്രധാന കാരണം. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് നാൽപ്പതിനായിരം രൂപയാണ് തീർത്ഥാടകർ അധികമായി നൽകേണ്ടി വരിക. കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്ര ടെൻഡറിൽ 125000 രൂപയാണ് എയർ ഇന്ത്യ എക്സ്പ്രസ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിൽ നിന്ന് 86000 രൂപയും കണ്ണൂരിൽ നിന്ന് 85000 രൂപയുമാണ് സൗദി എയർലൈൻസ് രേഖപ്പെടുത്തിയത്.
വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കാത്തതു മൂലം എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കരിപ്പൂരിൽ ടെൻഡറിൽ പങ്കെടുക്കുന്നത്. സ്വഭാവികമായും അവർ ഉന്നയിക്കുന്ന ഉയർന്ന തുകയ്ക്ക് ടെൻഡർ അനുവദിക്കുന്നതാണ് നിരക്ക് വർധിക്കാൻ കാരണം. കഴിഞ്ഞ വർഷങ്ങളിൽ ഇതേ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണെന്ന് ഹജ്ജ് തീർത്ഥാടനത്തിൻ്റെ കൂടി ചുമതലയുളള മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.
കേരളത്തിൽ നിന്ന് ഏറ്റവുമധികം ആളുകൾ ഹജ്ജ് തീർത്ഥാടനത്തിനായി ഏറ്റവുമധികം ആശ്രയിക്കുന്നത് കരിപ്പൂരിനെയാണ്. 5755 പേരാണ് ഇത്തവണ കരിപ്പൂരിൽ നിന്ന പുറപ്പെടാൻ ഒരുങ്ങുന്നത്.