കരിപ്പൂര്‍ വിമാനത്താവള ക്രോസ് റോഡ്; നിവേദനം നല്‍കിയിട്ടും ബദല്‍ പാതയൊരുക്കിയില്ല. വഴിമുട്ടി വിദ്യാര്‍ഥികള്‍

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ വിപുലീകരണ പ്രവൃത്തികളുടെ ഭാഗമായി വിമാനത്താവള പരിസരത്തെ ക്രോസ് റോഡ് അടച്ചതോടെ വിദ്യാര്‍ഥികളുടെ യാത്ര പ്രതിസന്ധിയില്‍.

പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് മേലങ്ങാടിയിലെ കൊണ്ടോട്ടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക രക്ഷാകർതൃ സമിതി ആവശ്യപ്പെട്ടു.

നിരവധി വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന റോഡ് ബദല്‍ പാതയൊരുക്കാതെ അടക്കരുതെന്നാവശ്യപ്പെട്ട് ജില്ല കലക്ടര്‍ക്കും വിമാനത്താവള അധികൃതര്‍ക്കും ജനപ്രതിനിധികള്‍ക്കുമെല്ലാം നിവേദനം നല്‍കിയിട്ടും ദൈനംദിന യാത്രക്ക് സംവിധാനമൊരുക്കാതെ റോഡ് അടച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് പി.ടി.എ, എസ്.എം.സി എക്‌സിക്യുട്ടീവ് കമ്മിറ്റി ആരോപിച്ചു.

കൊണ്ടോട്ടി നഗരസഭ പരിധിയിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയത്തിലെ യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ വലിയൊരളവ് കുട്ടികള്‍ ഇപ്പോള്‍ ഗതാഗതം നിരോധിച്ച ക്രോസ് റോഡിനെ ആശ്രയിച്ചായിരുന്നു വിദ്യാലയത്തില്‍ എത്തിയിരുന്നത്. ഇവര്‍ക്കിപ്പോള്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ച്‌ എത്തേണ്ട ഗതികേടാണ്.

പ്രശ്‌നം ഗൗരവമായി കണ്ട് അടിയന്തര പരിഹാരത്തിന് ജനപ്രതിനിധികളടക്കമുള്ളവരുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാകണമെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് നൗഷാദ് ചുള്ളിയന്‍ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ സാദിഖ് ആലങ്ങാടന്‍, എം.ടി.എ പ്രസിഡന്റ് ടി.വി. ആബിദ, പ്രിന്‍സിപ്പല്‍ മുജീബ്‌റഹ്‌മാന്‍, പ്രഥമാധ്യാപകന്‍ ബാബു, എന്‍. സലാം, പി.പി. മുഹമ്മദിശ, ഹമീദ്, നയന, സദറുദ്ദീന്‍, കെ.കെ. ഷബീറലി, ഒ.പി. ലത്തീഫ്, നിഷാദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *