കരിപ്പൂരില്‍ 62-കാരൻ ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്തിയത് 67 ലക്ഷം രൂപയുടെ സ്വര്‍ണം; പിടികൂടി പോലീസ്

കരിപ്പൂർ വിമാനത്താവളം വഴി 67 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി.

തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് റഷീദി(62)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച്‌ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളില്‍നിന്ന് 67 ലക്ഷം രൂപയുടെ സ്വർണവും പിടിച്ചെടുത്തു.

ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് ദുബായില്‍നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് റഷീദ് കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിന് പുറത്തുവെച്ച്‌ ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചനിലയിലാണ് സ്വർണം കണ്ടെടുത്തത്. നാല് കാപ്സ്യൂളുകളാക്കി 964 ഗ്രാം സ്വർണമാണ് പ്രതി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും സ്വർണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

പിടിച്ചെടുത്ത സ്വർണം കോടതിയില്‍ സമർപ്പിക്കും. തുടർനടപടികള്‍ക്കായി കസ്റ്റംസിന് റിപ്പോർട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *