കരകുളം ഫ്‌ളൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഭാഗത്തേക്കും നെടുമങ്ങാട് ഭാഗത്തേക്കും ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിലെ ആശയക്കുഴപ്പം സമയബന്ധിതമായി പരിഹരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനില്‍ പറഞ്ഞു.
കരകുളം മേല്‍പ്പാല നിർമാണ പുരോഗതി നേരിട്ടെത്തി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലെ ഗതാഗത നിയന്ത്രണങ്ങളില്‍ ചില പ്രദേശങ്ങളില്‍ നിന്നും പരാതികള്‍ ഉയർന്ന സാഹചര്യത്തില്‍, ഇവ വിലയിരുത്തുന്നതിനും ഉചിതമായ പരിഹാരമാർഗങ്ങള്‍ കണ്ടെത്തുന്നതിനും മന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം വ്യാഴാഴ്ച (നവംബർ 14) ചേരും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കരകുളം പഞ്ചായത്ത് ഓഫീസിലാണ് യോഗം ചേരുക.
വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതില്‍ പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവർ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി, അസൗകര്യങ്ങള്‍ ഒഴിവാക്കുന്നതിന് പ്രത്യേക നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തും. ഫ്‌ളൈ ഓവറിന്റെയും നാലുവരിപ്പാതയുടേയും നിർമാണ പുരോഗതി കൃത്യമായി വിലയിരുത്തുമെന്നും പദ്ധതി പൂർത്തിയാകുന്നതുവരെ ജനങ്ങളുടെ പൂർണ സഹകരണം ഉണ്ടാകണമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം – തെന്മല (എസ് എച്ച് 2) റോഡില്‍ കരകുളം പാലം ജംഗ്ഷനില്‍ നിന്നും കെല്‍ട്രോണ്‍ ജംങ്ഷൻ വരെ ഫ്‌ളൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.