കമ്ബിത്തിരിയില്‍ നിന്ന് സിഗററ്റ് കത്തിച്ച്‌ ജനപ്രിയ നായകൻ; ‘ഭഭബ’യുടെ ഫസ്റ്റ്ലുക്ക് വീഡിയോ പുറത്ത്

ദിലീപ് വേറിട്ട വേഷത്തിലെത്തുന്ന ഭഭബയുടെ ഫസ്റ്റ്ലുക്ക് വീഡിയോ പുറത്ത്. വിനീത് ശ്രീനിവാസന്‍റെ ഡയലോഗ് ഉള്‍കൊള്ളിച്ചാണ് ഫസ്റ്റ് ലുക്ക് വിഡിയോ.സമൂഹമാദ്ധ്യമങ്ങളിലൂടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് വീഡിയോ റിലീസ് ചെയ്തത്.

ദിലീപ് ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

കമ്ബിത്തിരിയില്‍ നിന്ന് സിഗററ്റ് കത്തിക്കുന്ന താരത്തിന്റെ മാസ് ലുക്കോടെയാണ് വീഡിയോ അവസാനിക്കുന്നത്. ആക്ഷൻ എന്റർടൈൻമെന്റ് സിനിമയാണ് ‘ഭയം ഭക്തി ബഹുമാനം’ എന്ന ഭഭബ. ഷാൻ റഹ്മാനാണ് വീഡിയോയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്.

പ്രേക്ഷകർക്ക് പ്രതീക്ഷ നല്‍കുന്ന ഡയലോഗുകളാണ് വീഡിയോയിലുള്ളത്.’നീ നിന്റെ പഴയ പരിപാടിയുമായാണ് ഇറങ്ങുന്നതെങ്കില്‍ ഇപ്പോഴത്തെ പിള്ളേരെ നിനക്കറിയില്ല…’ എന്ന് വിനീത് ശ്രീനിവാസനും ‘സർ ഈ ജോലിയില്‍ പുതിയതല്ലേ, പഴയതും പുതിയതുമായി നമുക്കൊരു കൈ നോക്കിയാലോ സാറേ….’ എന്ന ദിലീപിന്റെ മറുപടിയും വീഡിയോയിലുണ്ട്.

ദിലീപിനും വിനീത് ശ്രീനിവാസനുമൊപ്പം ധ്യാൻ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് താരദമ്ബതികളായ നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ്.

വമ്ബൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തമിഴ് സിനിമകളിലെ നൃത്ത സംവിധായകനും നടനുമായ സാന്റി മാസ്റ്ററും, കോമെഡിയൻ റെഡ്‌ഡിങ് കിങ്സ്‌ലിയും അഭിനയിക്കുന്നുണ്ട്.ബാലു വർഗീസ്,ബൈജു സന്തോഷ്‌, സിദ്ധാർഥ് ഭരതൻ, ശരണ്യ പൊൻവർണ്ണൻ എന്നിവരാണ് മറ്റുള്ള താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *