പാലക്കാട് നഗരസഭയിലെ മുൻ ബി.ജെ.പി. കൗണ്‍സിലർ കുന്നത്തൂർമേട് എ.ആർ. നായർ കോളനിയില്‍ താമസിക്കുന്ന അച്യുതാനന്ദന്റെ വീടിനുനേരേയുണ്ടായ ആക്രമണത്തില്‍ യുവമോർച്ച ഭാരവാഹി ഉള്‍പ്പെടെ അഞ്ചുപേരെ ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റുചെയ്തു.യുവമോർച്ച പാലക്കാട് മണ്ഡലം ജനറല്‍ സെക്രട്ടറി മണലി സ്വദേശി രാഹുല്‍ (22), രാഹുലിന്റെ സുഹൃത്തുക്കളായ കല്ലേപ്പുള്ളി സ്വദേശി അജീഷ്കുമാർ (26), തേങ്കുറുശ്ശി സ്വദേശികളായ അജീഷ് (22), സീന പ്രസാദ് (25), അനുജില്‍ (25) എന്നിവരാണ് പിടിയിലായത്. ഇവരെ പിന്നീട് സ്റ്റേഷൻജാമ്യത്തില്‍ വിട്ടു.കഴിഞ്ഞ ബുധനാഴ്ച രാത്രി 11.45-നാണ് സംഭവം. കാറിലും ബൈക്കിലുമായെത്തിയ സംഘം വീടിന്റെ ജനല്‍ച്ചില്ല് എറിഞ്ഞുതകർക്കുകയായിരുന്നു. ബിയർകുപ്പിയാണ് വീട്ടിലേക്കെറിഞ്ഞത്. വീടിനുമുന്നില്‍ നിർത്തിയിരുന്ന കാറിന്റെ ചില്ലുകളും തകർത്തു. ഈ സമയം അച്യുതാനന്ദനും ഭാര്യയും മകളും പേരക്കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമത്തിനുപിന്നാലെ അച്യുതാനന്ദൻ പോലീസില്‍ പരാതി നല്‍കിയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അച്യുതാനന്ദന്റെ വീടുനുനേരേ നേരത്തേയും ആക്രമണമുണ്ടായിരുന്നു.സാമൂഹികമാധ്യമത്തിലിട്ട, ഒരു കടയുടെ ഉദ്ഘാടനചിത്രത്തിനുതാഴെ അച്യുതാനന്ദൻ കമന്റ് ചെയ്തതിനെച്ചൊല്ലിയാണ് അക്രമമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിലാണ് അച്യുതാനന്ദൻ. ഇതിനെ സാധൂകരിക്കുന്ന വിധത്തിലുള്ള പോസ്റ്റുകള്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെക്കുന്നയാളാണ്. ഇതുമായി ബന്ധപ്പെട്ട് മറുവിഭാഗത്തിന് വിയോജിപ്പുകളുണ്ടായിരുന്നതായും അച്യുതാനന്ദൻ പറയുന്നു. ഇതിനിടെയാണ് കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദവുമുണ്ടായത്.അതേസമയം, ആക്രമണം നടത്തിയവരുമായി നേരിട്ട് ശത്രുതയില്ലെന്നും അക്രമത്തിനുപിന്നില്‍ പ്രവർത്തിച്ചവരെക്കൂടി കണ്ടെത്തണമെന്നും അച്യുതാനന്ദൻ പറഞ്ഞു.