കഴിഞ്ഞതെല്ലാം കഴിഞ്ഞു, ഇനിയെഴുതണം പുതിയ ചരിത്രം. അതെ, മലയാളികളുടെ സ്വന്തം മഞ്ഞപ്പടയായ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുകയാണ് എന്തു വന്നാലും ഇത്തവണത്തെ ഐ.എസ്.എല്‍ കിരീടം സ്വന്തമാക്കാൻ.
മൂന്നുതവണ ഫൈനലിലെത്തി കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട വിജയത്തിന്‍റെ മധുരം ഇനിയുമൊരിക്കല്‍കൂടി നഷ്ടപ്പെടാതിരിക്കാൻ ഏതറ്റം വരെയും പോവാനുറച്ചാണ് ടീമിന്‍റെ തയാറെടുപ്പുകള്‍. നിലവില്‍ ഡ്യൂറൻഡ് കപ്പില്‍ ഗ്രൂപ് സി ചാമ്ബ്യന്മാരായി ക്വാർട്ടർ ഫൈനലിലെത്തിയതിന്‍റെ സന്തോഷത്തിലും ആവേശത്തിലുമാണ് ക്ലബും കളിക്കാരും ആരാധകരുമെല്ലാം.
ഐ.എസ്.എല്ലിലെ നിരാശാജനകമായ തോല്‍വിയില്‍ തകർന്നിരിക്കാതെ നിരന്തര പരിശീലനത്തിലൂടെ മികവിലേക്കുയർന്നതിന്‍റെ തെളിവാണ് ഡ്യൂറൻഡ് കപ്പിലുടനീളം ക്ലബിന്‍റെ പ്രകടനം വ്യക്തമാക്കുന്നത്. ആദ്യ മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിക്കെതിരെ 8-0 തകർപ്പൻ ജയത്തോടെയായിരുന്നു തുടക്കം. രണ്ടാം മാച്ചില്‍ പഞ്ചാബ് എഫ്.സിക്കെതിരെ സമനില വഴങ്ങിയെങ്കിലും നിർണായകമായ അടുത്ത മത്സരത്തില്‍ സി.ഐ.എസ്.എഫിനെ 7-0ന് നിലംപരിശാക്കിയും മികവ് തുടർന്നു. മൂന്ന് മത്സരങ്ങളില്‍നിന്ന് 16 ഗോളുകള്‍ അടിച്ചുകൂട്ടി ഒരു ഗോള്‍ മാത്രം വഴങ്ങിയാണ് ടീം ഗ്രൂപ് ചാമ്ബ്യന്മാരായത്. എന്നാല്‍, ഇതൊന്നും പോരാ, ഇനിയുമിനിയും കളിമികവും കഠിനാധ്വാനവും വർധിപ്പിക്കുകയും പുതുതന്ത്രങ്ങള്‍ മെനയുകയും ചെയ്യേണ്ടതുണ്ടെന്നാണ് ആരാധകരുടെ പക്ഷം.
കഴിഞ്ഞ സീസണിലെ തോല്‍വിക്കു പിന്നാലെ പലരും ക്ലബ് വിട്ടപ്പോഴും ആത്മവിശ്വാസത്തോടെ സഹതാരങ്ങള്‍ക്ക് പ്രചോദനം പകർന്ന് ടീമില്‍ തുടർന്ന നായകൻ അഡ്രിയാൻ ലൂണതന്നെയാണ് അന്നുമിന്നും മഞ്ഞപ്പടയുടെ സ്റ്റാർ പ്ലെയർ. ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശതാരം കൂടിയായ ലൂണ കഴിഞ്ഞ മൂന്നു സീസണുകളിലും പ്രധാന താരമായിരുന്നു. ബ്ലാസ്റ്റേഴ്സിനെ സൂപ്പർ ലീഗില്‍ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതില്‍ അദ്ദേഹം നിർണായക പങ്ക് വഹിക്കുമെന്ന ആത്മവിശ്വാസം കരാർ നീട്ടിയ വേളയില്‍ ക്ലബ് അധികൃതർ പങ്കുവെച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി ഐ.എസ്.എല്‍ കിരീടമുയർത്തുന്ന ആദ്യ ക്യാപ്റ്റനാവുകയെന്നതാണ് തന്റെ ആഗ്രഹമെന്ന് അഡ്രിയാൻ ലൂണ കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരുന്നു. ആരാധകരില്‍നിന്നുള്ള സ്നേഹം താനനുഭവിക്കുന്നുണ്ട്, ആ സ്നേഹം തനിക്ക് ക്ലബിനോടും ആരാധകരോടുമുണ്ട്. ഒരു വിജയകിരീടം സ്വന്തമാക്കി മാത്രമേ ആരാധകരോടുള്ള സ്നേഹം തിരിച്ചുനല്‍കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലൂണയെ കൂടാതെ കഴിഞ്ഞ സീസണിലെ ടീമിലുണ്ടായിരുന്ന കുറച്ചുപേർ മാത്രമാണ് ഇന്നും ബ്ലാസ്റ്റേഴ്സില്‍ തുടരുന്നത്. മലയാളികൂടിയായ കെ.പി. രാഹുല്‍, പ്രതിരോധനിര താരങ്ങളായ സന്ദീപ് സിങ്, ഹോർമിപാം റുയിവ തുടങ്ങിയവരാണിവർ. ആശാൻ എന്ന് ആരാധകർ സ്നേഹത്തോടെ വിളിച്ചിരുന്ന ഇവാൻ വുകോമനോവിച്ചിന് പകരം സ്വീഡിഷ് പരിശീലകൻ മിക്കേല്‍ സ്റ്റാറേയാണ് നിലവില്‍ ടീമിന്‍റെ മുഖ്യപരിശീലകൻ.
ടീമിന്‍റെ ഘടനയും പരിശീലനരീതിയും പുതുക്കിപ്പണിയുന്നതിന്‍റെ ഭാഗമായി പ്രതിഭ തെളിയിച്ച നിരവധി യുവതാരങ്ങളെ ടീമിലെടുത്തിരുന്നു. നേരത്തേ എഫ്.സി ഗോവയിലായിരുന്ന മൊറോക്കൻ താരം നോഹ സദോയ്, ഐസ്വാള്‍ എഫ്.സിയില്‍നിന്നുള്ള ആർ. ലാല്‍തൻമാവി തുടങ്ങിയവരാണ് പുതുതായി വന്നത്. നോഹയുടെ ഉള്‍പ്പെടെ ടീം സെലക്ഷൻ തെറ്റിയില്ലെന്ന് തെളിയിക്കുന്നതാണ് താരത്തിന്‍റെ ഡ്യൂറൻറ് കപ്പ് പ്രകടനം. ആദ്യത്തെയും മൂന്നാമത്തെയും മത്സരങ്ങളില്‍ ഹാട്രിക് നേട്ടമാണ് നോഹ കാഴ്ചവെച്ചത്. കഴിഞ്ഞ സീസണിന്റെ അവസാനത്തില്‍ പരിക്കേറ്റ് പുറത്തായ ക്വാമി പെപ്രയും ഗംഭീര തിരിച്ചുവരവാണ് ഡ്യൂറൻഡ് കപ്പിലൂടെ നടത്തിയത്.