കന്നട സാഹിത്യ സമ്മേളനത്തിന് മാണ്ഡ്യയില്‍ തുടക്കം

കന്നട സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന 87ാമത് അഖില ഭാരത കന്നട സാഹിത്യ സമ്മേളനത്തിന് മാണ്ഡ്യയില്‍ തുടക്കമായി.

സമ്മേളന അധ്യക്ഷൻ ചന്നബസപ്പയുടെ സാന്നിധ്യത്തില്‍ മാണ്ഡ്യ ജില്ല ചുമതലയുള്ള മന്ത്രിയും സമ്മേളന സ്വാഗതസംഘം ചെയർമാനുമായ ചലുവരയസ്വാമി ദേശീയ പതാകയുയർത്തിക്കൊണ്ട് സമ്മേളനത്തിന് തുടക്കംകുറിച്ചു.

തുടർന്ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനത്തെ സാഹിത്യ പ്രേമികള്‍ക്കുള്ള കന്നട ഹബ്ബെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി സാഹിത്യ -സാംസ്കാരിക മേഖലകളില്‍ കർണാടകയെ അടയാളപ്പെടുത്തുന്നതില്‍ മാണ്ഡ്യ എന്ന നാട് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

ആധുനിക മാണ്ഡ്യയുടെ ശില്‍പികളായ മൈസൂർ ഭരണാധികളായിരുന്ന രാജകുടുംബാംഗം ഹൈദരലിയെയും ടിപ്പു സുല്‍ത്താനേയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

സമ്മേളനത്തോടനുബന്ധിച്ച്‌ നാടിന്റെ സാംസ്കാരിക വൈവിധ്യത്തെ അടയാളപ്പെടുത്തുന്ന കലാപരിപാടികള്‍ അരങ്ങേറിയ ഘോഷയാത്രക്ക് പൊതുജനങ്ങളില്‍നിന്ന് വൻ വരവേല്‍പാണ് ലഭിച്ചത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ഒരു ലക്ഷത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.

സാഹിത്യ – സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന ചർച്ചകള്‍, സംവാദങ്ങള്‍, പ്രഭാഷണങ്ങള്‍, സാംസ്കാരിക സമ്മേളനങ്ങള്‍ എന്നിവ സമ്മേളനത്തിലുണ്ടാകും.

കന്നട സാഹിത്യ സമ്മേളനം ഉദ്ഘാടന ചടങ്ങില്‍ മുൻ പ്രസിഡന്റ് പ്രഫ. ദൊഡ്ഡരംഗ ഗൗഡ, ഡോ. നിർമലാനന്ദനാഥ സ്വാമി, കന്നട സാഹിത്യ പരിഷത് പ്രസിഡന്റ് മഹേഷ് ജോഷി, ജ്ഞാനപീഠ ജേതാവ് ചന്ദ്രശേഖര കമ്ബാർ, സ്പീക്കർ യു.ടി. ഖാദർ, കാർഷിക മന്ത്രി ചലുവരയസ്വാമി, സാംസ്കാരിക മന്ത്രി ശിവരാജ് എസ്, സാമൂഹിക ക്ഷേമ മന്ത്രി മഹാദേവപ്പ, എം.എല്‍.എമാരായ പി. രവികുമാർ, രമേശ് ബാബു, നരേന്ദ്ര സ്വാമി, എം.എല്‍.സി അംഗങ്ങളായ മദ്ദു മാദഗൗഡ, ദിനേശ് ഗൂളിഗൗഡ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *