കനത്ത മഴ: റോസ്‌മല ഒറ്റപ്പെട്ടു , KSRTC ബസ് വനത്തില്‍ കുടുങ്ങി

കനത്ത മഴയില്‍ റോസ്‌മല ഗ്രാമം ഒറ്റപ്പെട്ടു. വ്യാഴാഴ്ച രാത്രിമുതല്‍ പെയ്ത മഴ വെള്ളിയാഴ്ച രാവിലെ ശക്തിയാർജിച്ചതോടെ ആര്യങ്കാവില്‍നിന്ന് റോസ്‌മലയിലേക്കുള്ള പത്തുകിലോമീറ്റർ വനപാതയില്‍ പലയിടത്തും മലവെള്ളപ്പാച്ചിലുണ്ടായി.

പാതയിലെ മഞ്ഞത്തേരി, വിളക്കുമരം ചപ്പാത്തുകളില്‍ ശക്തമായ നീരൊഴുക്ക് അനുഭവപ്പെട്ടതോടെ ഗതാഗതം പൂർണമായും നിലച്ചു. വെള്ളിയാഴ്ച രാവിലെ 7.40-ന് റോസ്‌മലയില്‍നിന്ന് ആര്യങ്കാവിലേക്കുവന്ന കെ.എസ്.ആർ.ടി.സി.ബസ് മഞ്ഞത്തേരി ചപ്പാത്ത് കടക്കാനാകാതെ അഞ്ചുമണിക്കൂർ വനത്തില്‍ കുടുങ്ങി.

ചപ്പാത്ത് കുറുകേ കടക്കാനാകാതെ, പാതയുടെ ഇരുഭാഗങ്ങളിലുമായി ഒട്ടേറെ വാഹനങ്ങള്‍ നിർത്തിയിട്ടു. ബസില്‍ റോസ്‌മലയില്‍നിന്നുള്ള 15 വിദ്യാർഥികളുള്‍പ്പെടെ 27 പേരുണ്ടായിരുന്നു. ആര്യങ്കാവില്‍ ബസ് എത്തിച്ചേരേണ്ട സമയമായിട്ടും വരാത്തതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വനപാതയില്‍ കുടുങ്ങിയതായി മനസ്സിലായത്.

ഇടുങ്ങിയ വഴിയായതിനാല്‍ ഭാഗത്ത് വാഹനങ്ങള്‍ തിരിക്കാനും കഴിഞ്ഞില്ല. അഞ്ചുമണിക്കൂറോളം കനത്ത മഴയും മഞ്ഞും അതിജീവിച്ചാണ് കുട്ടികളടക്കം ബസില്‍ കഴിച്ചുകൂട്ടിയത്. പിന്നീട് ഉച്ചയ്ക്ക് വെള്ളമൊഴുക്ക് കുറഞ്ഞതോടെ വലിയ വാഹനങ്ങള്‍ക്ക് പോകാനായി. സ്ഥിരമായി പോകുന്ന പാതയായതിനാല്‍ ആശങ്കയില്ലായിരുന്നെന്ന് കെ.എസ്.ആർ.ടി.സി. ജീവനക്കാരായ മുരുകയ്യായും സജിമോനും പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *