കനത്ത മഴയും കാറ്റും; സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം

ശക്തമായ മഴയിലും കാറ്റിലും വിവിധ ജില്ലകളില്‍ വ്യാപകനാശ നഷ്ടം. കോട്ടയം, കുമരകം ഭാഗങ്ങളില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു.

കോട്ടയം പള്ളത്ത് ശക്തമായ കാറ്റില്‍ മരം വീണ് വീട് ഭാഗികമായി തകർന്നു. ബുക്കാന പുതുവലില്‍ ഷാജിയുടെ വീടാണ് തകർന്നത്. ഇതിനുപുറമെ പള്ളം, പുതുപ്പള്ളി, എംജി യൂണിവേഴ്‌സിറ്റി, കിടങ്ങൂർ തുടങ്ങിയ ഭാഗങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

ട്രാക്കുകളില്‍ മരം വീണതിനാല്‍ ആലപ്പുഴ, കോട്ടയം, എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടികള്‍ വൈകിയാണ് ഓടുന്നത്. കോട്ടയം വഴിയുള്ള പാലരുവി എക്‌സ്പ്രസ് രാവിലെ ഓച്ചിറയില്‍ ദീർഘനേരം പിടിച്ചിട്ടിരുന്നു. കൊല്ലം റെയില്‍വേ ട്രാക്കിലും മരം വീണിരുന്നു.

ആലപ്പുഴ തുറവൂരിലും കാറിന് മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായി. തൃശൂർ മലക്കപ്പാറയില്‍ പാലത്തിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു. ഇടമറുക് രണ്ടാറ്റുമുനയില്‍ റോഡിലേക്ക് വെള്ളം കയറുകയും മരങ്ങള്‍ വീണ് ഇരുചക്രവാഹനങ്ങള്‍ തകരുകയും ചെയ്തു. അതേസമയം, അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *