ഇടവിട്ടു ചെയ്യുന്ന കനത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും വർദ്ധിച്ചതോടെ അപ്പർ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു.
പമ്ബ, മണിമലയാറുകള്‍ കര കവിഞ്ഞതോടെ നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂക്ഷം. മൂന്ന് ദിവസത്തിനുള്ളില്‍ പ്രധാന നദികളിലെ ജലനിരപ്പ് മൂന്നടിയോളം ഉയർന്നിട്ടുണ്ട്. പമ്ബ, മണിമലയാറുകള്‍ കരകവിഞ്ഞതോടെ നദീതീര പ്രദേശത്തേയും താഴ്ന്ന പ്രദേശങ്ങളിലേയും വീടുകള്‍ വെള്ളത്തില്‍ മുങ്ങി.
മുട്ടാർ പഞ്ചായത്തില്‍ നിരവധി വീടുകളാണ് വെള്ളത്തിലായത്. തലവടി പഞ്ചായത്തിലെ കുതിരച്ചാല്‍ പുതുവല്‍ പ്രദേശത്തെ 16 ഓളം വീടുകളില്‍ വെള്ളം കയറി. രണ്ടര ആഴ്ചക്കുളില്‍ രണ്ടാം തവണയാണ് കുതിരച്ചാല്‍ പുതുവല്‍ പ്രദേശത്തെ വീടുകള്‍ വെള്ളത്തില്‍ മുങ്ങുന്നത്. വീടുകളില്‍ വെള്ളം കയറിയിട്ടും ക്യാമ്ബുകളുടെ പ്രവർത്തനം ആരംഭിച്ചില്ല. രണ്ടാഴ്ച മുൻപുണ്ടായ വെള്ളപ്പൊക്കത്തില്‍ കുന്നുമ്മാടി -കുതിരച്ചാല്‍ പ്രദേശത്തെ താമസക്കാർ ശ്രീചക്കുളത്തുകാവ് ഓഡിറ്റോറിയത്തിലെ ക്യാമ്ബിലേയ്ക്ക് മാറ്റിയിരുന്നു.
നിരണം പടിഞ്ഞാറേ ഭാഗം, മുട്ടാർ, തലവടി, എടത്വാ, വീയപുരം പഞ്ചായത്തിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. തകഴി പഞ്ചായത്തിലും ഇന്നലെ വൈകിട്ട് മുതല്‍ ജലനിരപ്പ് ഉയരാൻ തുടങ്ങിയിരുന്നു. കുട്ടനാട്ടിലെ പ്രധാന പാതകള്‍ ഉള്‍പ്പെടെ ഇട റോഡുകളും വെള്ളത്തില്‍ മുങ്ങുകയാണ്. തായങ്കരി – കൊടുപ്പുന്ന റോഡില്‍ വേഴപ്ര കുരിശ്ശടിക്ക് സമീപത്തും പടപ്പില്‍ മുട്ട് ഭാഗത്തും, നീരേറ്റുപുറം – കിടങ്ങാ റോഡില്‍ മുട്ടാർ ജംങ്ഷന് സമീപത്തും വെള്ളം കയറിയിട്ടുണ്ട്.
തായങ്കരി – കൊടുപ്പുന്ന റോഡു വഴിയുള്ള ബസ് സർവ്വീസ് കെ.എസ്.ആർ.ടി.സി നിർത്തിവെച്ചിരിക്കുകയാണ്. എടത്വാ- ആലംതുരുത്തി റോഡില്‍ ആനപ്രമ്ബാല്‍ പുതുപ്പറമ്ബ് ക്ഷേത്രത്തിന് സമീപത്തും വെള്ളം കയറിയിട്ടുണ്ട്. തലവടി കോടമ്ബനാടി ഭാഗം ഏറെക്കുറെ മുങ്ങിയ അവസ്ഥയാണ്. നദീതിരങ്ങളിലും പാടശേഖര നടുവിലും താമസിക്കുന്നവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് നിലയ്ക്കാത്തതും ഇടവിട്ട് ചെയ്യുന്ന കനത്ത മഴയും ആശങ്ക കൂട്ടുകയാണ്.