കത്തിന്റെ പേരില്‍ തന്നെ ബലിയാടാക്കുന്നു ; നിയമപരമായി നേരിടുമെന്ന് എന്‍ഡി അപ്പച്ചന്‍

കത്തിന്റെ പേരില്‍ തന്നെ ബലിയാടാക്കുന്നെന്നും കേസ് രാഷ്ട്രീയപ്രേരിതമെന്നും ഡിസിസിപ്രസിഡന്റ് അപ്പച്ചന്‍.

ഇന്നലെ കെപിസിസി പ്രശ്‌നം പരിഹരിച്ചതാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും എന്‍ഡി അപ്പച്ചന്‍ പറഞ്ഞു. ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തി കേസെടുക്കുകയും എന്‍ഡി അപ്പച്ചനെയും ഐസി ബാലകൃഷ്ണന്‍ എംഎല്‍എ യും പ്രതികളാക്കുകയും ചെയ്തിരുന്നു. കെ.കെ. ഗോപിനാഥിനെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.

കേസുമായി തനിക്ക് ബന്ധമില്ലെന്നും നിയമപരമായി നേരിടുമെന്നും വിജയനുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും പ്രശ്നം കെപിസിസി പറഞ്ഞു പരിഹരിച്ചതാണെന്നും അതേസമയം ജയിലിലടയ്ക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം പണിയാണെന്നും എന്‍ഡി. അപ്പച്ചന്‍ വ്യക്തമാക്കി.

കേസില്‍ ഐസി ബാലകൃഷ്ണനാണ് കേസിലെ ഒന്നാംപ്രതി. സംഭവത്തില്‍ കെപിസിസി യും അന്വേഷണം നടത്തുന്നുണ്ട്. തട്ടിപ്പ് നടന്നോ എന്ന് അന്വേഷിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ പാര്‍ട്ടി സത്യസന്ധമായ നടപടി എടുക്കും. രാഷ്ട്രീയ വേട്ടയാടല്‍ അനുവദിക്കില്ലെന്നും നിഷ്പക്ഷ അന്വേഷണമെങ്കില്‍ സഹകരിക്കുമെന്നും അന്വേഷണം സിപിഎം താല്‍പ്പര്യത്തിന് വേണ്ടിയാകരുതെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

കേസ് മാനന്തവാടി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ബത്തേരി കോടതിയിലേക്ക് മാറ്റാന്‍ പോലീസ് അപേക്ഷ നല്‍കി. അതിനിടെ ബത്തേരി ബാങ്ക് നിയമന തട്ടിപ്പില്‍ അമ്ബലവയല്‍ സ്വദേശി ഷാജിയുടെ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്. ഡിസിസി മുന്‍ ട്രഷറര്‍ കെ കെ ഗോപിനാഥന് എതിരെയാണ് പരാതി. 12 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും മൂന്ന് ലക്ഷം രൂപ നിയമനത്തിന് നല്‍കിയെന്നുമാണ് പരാതി. മൂന്ന് മുന്‍ ഡിസിസി പ്രസിഡന്റുമാര്‍ പ്രതിയെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *