കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് നിന്ന് കാണാതായ ക്രെയിൻ കോട്ടയം രാമപുരത്ത് വച്ച് കണ്ടെത്തി ഒരാൾ പിടിയിൽ

കോട്ടയം : കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് നിന്ന് കാണാതായ ക്രെയിൻ കോട്ടയം രാമപുരത്ത് വച്ച് കണ്ടെത്തി. ഞായറാഴ്ച കാണാതായ ക്രെയിനുമായി എരുമേലി സ്വദേശി മാർട്ടിനാണ് പിടിയിലായത്. മേഘ കണ്‍സ്ട്രക്ഷൻ കമ്പനിയുടെ ക്രെയിനാണ് കാണാതായത്. മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ക്രെയിൻ മുൻപ് ഇതേ കൺസ്ട്രക്ഷൻ കമ്പനി വാടകയ്ക്ക് എടുത്തിരുന്നു. ദേശീയപാത നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തിൽ വാടകയ്ക്ക് എടുത്ത ക്രെയിനിന് നാശനഷ്ടം സംഭവിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഈ അപകടം. ഇതേ തുടർന്നുള്ള വ്യക്തി വൈരാഗ്യമാണ് മോഷണത്തിന് പിന്നിലെന്നാണ് ലഭ്യമാകുന്ന സൂചന. ദേശീയപാതാ നിർമ്മാണത്തിനായി റോഡരികിൽ നിർത്തിയിട്ട ക്രെയ്ൻ ആണ് മോഷണം പോയത്. ദേശീയപാത നിർമ്മാണ കരാറുകാരുടെ കെഎൽ 86എ 9695 നമ്പർ ക്രെയിൻ ആണ് മോഷണം പോയത്.

ദേശീയപാതയിൽ കുപ്പം പാലത്തിന്‍റെ നിർമാണത്തിനായി നിർത്തിയിട്ട സ്ഥലത്തു നിന്നാണ് ക്രെയിൻ കാണാതായത്. 18ന് രാത്രി കുപ്പം എംഎംയുപി സ്കൂൾ മതിലിനോട് ചേർന്ന് നിർത്തിയിട്ടതായിരുന്നു ക്രെയിൻ. ഞായറാഴ്ച രാവിലെ ക്രെയിൻ ഓപ്പറേറ്റർ എത്തിയപ്പോൾ ക്രെയിൻ കാണാനില്ലായിരുന്നു. തുടർന്ന് പരിസരത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് രണ്ട് പേർ ക്രെയിൻ ഓടിച്ചുപോകുന്ന ദൃശ്യം ലഭിച്ചത്

Leave a Reply

Your email address will not be published. Required fields are marked *