അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ 24 കാരൻ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു

അഞ്ചംഗ കുടുംബത്തിന്റെ കൊലപാതക വാര്‍ത്തകേട്ടാണ് പുതുവര്‍ഷപ്പുലരിയില്‍ ലഖ്‌നൗ ഉറക്കമുണര്‍ന്നത്. അമ്മയെയും നാല് സഹോദരിമാരെയുമാണ് 24കാരനായ പ്രതി അര്‍ഷാദ് കൊലപ്പെടുത്തിയത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് ലഖ്‌നൗവിനെ നടുക്കിയ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിന് സമീപമുള്ള നാക മേഖലയില്‍ സ്ഥിതി ചെയ്യുന്ന ശരണ്‍ജീത് ഹോട്ടലിലെ മുറിയിലാണ് അഞ്ചുപേരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആലിയ(9), അലിഷിയ(19), അക്‌സ(16), റഹീമാന്‍(18) ഇവരുടെ മാതാവ് അസ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. അര്‍ഷാദിനെ പോലീസ് അറസ്റ്റു ചെയ്തു.

കൊലപാതകം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിച്ച പ്രതി അത് ഓണ്‍ലൈനില്‍ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോയില്‍ തന്റെ അമ്മയുടെയും സഹോദരിമാരുടെയും ചേതനയറ്റ

ശരീരങ്ങള്‍ കാണിച്ച ഇയാള്‍ അവരെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വിശദീകരിച്ചു.

വീഡിയോയില്‍ ആഗ്രയിലെ തന്റെ സമുദായത്തെയും മറ്റ് ആളുകളെയും കുറ്റപ്പെടുത്തിയ ഇയാള്‍ താന്‍ അസ്വസ്ഥനാണെന്നും കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും അവകാശപ്പെട്ടു. ആഗ്രയില്‍ നിന്നുള്ള കുടുംബം പുതുവത്സരം ആഘോഷിക്കുന്നതിന് ലഖ്‌നൗവിലെത്തിയതായിരുന്നു. അതേസമയം, കൊലപാതകം നടത്തുന്നതിന് പിതാവ് ബദര്‍ അര്‍ഷാദിനെ സഹായിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകത്തിന് ശേഷം പിതാവിനെ റെയില്‍വെ സ്റ്റേഷനില്‍ ഇറക്കിവിട്ട ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

ബദര്‍ ഒളിവിലാണുള്ളത്. ഇയാളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി പോലീസ് റെയില്‍വെ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണ്.

പ്രതി വീഡിയോയില്‍ പങ്കുവെച്ച കാര്യങ്ങള്‍

തന്റെ സഹോദരിമാരെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് അവരെ കൊലപ്പെടുത്തിയതെന്നും അർഷാദ് വീഡിയോയില്‍ പറഞ്ഞു. ഭൂമി തട്ടിയെടുക്കലുമായി ബന്ധപ്പെട്ട പീഡനങ്ങളെക്കുറിച്ച്‌ പറഞ്ഞ ഇയാള്‍ തന്റെ കുടുംബം സമാധാനത്തില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. ഒരു ക്ഷേത്രം തങ്ങളുടെ ഭൂമിയില്‍ വരണമെന്നും തങ്ങളുടെ കൈവശമുള്ള വസ്തുക്കള്‍ മുഴുവന്‍ അനാഥാലയത്തിന് നല്‍കണമെന്നും എങ്കില്‍ മാത്രമെ അമ്മയുടെയും സഹോദരിമാരുടെയും ആത്മാവ് സന്തോഷിക്കുകയുള്ളൂവെന്നും വീഡിയോയില്‍ പറഞ്ഞു. ”പിതാവിന്റെ സഹായത്തോടെയാണ് ഞാന്‍ അമ്മയെയും സഹോദരിമാരെയും കൊലപ്പെടുത്തിയത്. എന്റെ മുന്നില്‍ മറ്റ് വഴികളുണ്ടായിരുന്നില്ല. അവരെ ഹൈദരാബാദില്‍ കൊണ്ടുപോയി വില്‍ക്കുന്നത് കാണണമായിരുന്നോ?,” അര്‍ഷാദ് ചോദിച്ചു. ”അവര്‍ക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമായിരുന്നു. അവര്‍ ഇന്ന് വളരെയധികം കഷ്ടപ്പെട്ടു. ഞങ്ങള്‍ അവരെ രക്ഷിച്ചു,” മുഖ്യമന്ത്രി ആദിത്യ നാഥിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അര്‍ഷാദ് പറഞ്ഞു.

കൊലപാതകം നടത്തിയതെങ്ങനെ?

പുതുവര്‍ഷം ആഘോഷിക്കുന്നതിനായാണ് പ്രതിയും കുടുംബവും ആഗ്രയില്‍നിന്ന് ലഖ്‌നൗവിലെത്തിയത്. ഡിസംബര്‍ 31ന് ലഖ്‌നൗവിലേക്ക് പോകുന്നതിന് മുമ്ബ് കുടുംബത്തെ പ്രതി അജ്മീറിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് അവരെ ഒരു ഹോട്ടലില്‍ താമസിപ്പിച്ചു.

രാത്രിയില്‍ അമ്മയുടെ വായില്‍ ചുരിദാറിന്റെ ഷാള്‍ തിരുകി വയ്ക്കുകയും കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന് ശേഷം സഹോദരിമാരുടെ വായിലും തുണി തിരുകി വെച്ച്‌ ശ്വാസം മുട്ടിക്കുകയും കൈത്തണ്ട മുറിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.

തന്റെ അയല്‍വാസികള്‍ കുടുംബത്തെ ഉപദ്രവിക്കുന്നുണ്ടെന്ന് അര്‍ഷാദ് വീഡിയോയില്‍ അവകാശപ്പെട്ടു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബാംഗങ്ങളുടെ സുരക്ഷയെയോര്‍ത്ത് ഭയമുണ്ടെന്ന് പ്രതി പറഞ്ഞതായി സെന്‍ട്രല്‍ സോണ്‍ ഡിസിപി രവീണ ത്യാഗി പറഞ്ഞു. ഭയം മൂലം പ്രതി കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അര്‍ഷാദ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് ഉപയോഗിച്ച ബ്ലേഡ്, സ്‌കാര്‍ഫ് തുടങ്ങിയ വസ്തുക്കള്‍ കണ്ടെടുത്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്നും സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച്‌ തെളിവുകള്‍ ശേഖരിക്കുകയാണെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഡിസിപിയെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *