കണ്ണൂര്‍ മാടായി കോളജ് നിയമന വിവാദം ; കെപിസിസി നിയോഗിച്ച സമിതി ഇന്ന് കണ്ണൂരില്‍

കണ്ണൂര്‍ മാടായി കോളജ് നിയമന വിവാദം പരിശോധിക്കാന്‍ കെപിസിസി നിയോഗിച്ച സമിതി ഇന്ന് കണ്ണൂരില്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയില്‍ കെ ജയന്ത്, അബ്ദുള്‍ മുത്തലിബ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

ഉച്ചയോടെ ജില്ലയില്‍ എത്തുന്ന സമിതി അംഗങ്ങള്‍ ഇരുപക്ഷത്തെയും നേതാക്കളെ കാണും.

കോഴ ആരോപണം ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസ് കല്ല്യാശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് ടിവി നിതീഷ് അടക്കമുള്ളവരോടും സമിതിക്ക് മുന്നിലെത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കോളേജില്‍ കോഴ വാങ്ങി രണ്ട് സിപിഐഎമ്മുകാര്‍ക്ക് നിയമനം നല്‍കി എന്നാണ് വിമത വിഭാഗം പ്രവര്‍ത്തകരുടെ ആരോപണം. കോളജ് ചെയര്‍മാനായ എം കെ രാഘവന്‍ എംപിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവിലിറങ്ങിയതോടെയാണ് പ്രശ്‌നം തണുപ്പിക്കാനുള്ള കെപിസിസി നീക്കം.

കോണ്‍ഗ്രസ് ഓഫീസിന്റെ ചുവരിലും നഗരത്തിലുമാണ് എം കെ രാഘവന് മാപ്പില്ലെന്ന് പറയുന്ന പോസ്റ്ററുകള്‍ പതിപ്പിച്ചത്. എം കെ രാഘവനെതിരെ ഉയര്‍ന്ന പരസ്യ പ്രതിഷേധങ്ങള്‍ ശരിയായില്ലെന്ന് കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *