കണ്ണൂര്‍ ബസ്സില്‍ ഫോണ്‍ ഉപേക്ഷിച്ചു, സ്വന്തം ഫോണ്‍ ഓഫാക്കി; കുടുക്കിയത് അതിബുദ്ധിയും ബസ് ടിക്കറ്റും

 വിജയലക്ഷ്മിയെ കാണാനില്ലെന്ന പരാതിയില്‍ കരുനാഗപ്പള്ളി പോലീസ് 10-നു കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

സ്ത്രീയുടെ ഫോണ്‍വിളികളെക്കുറിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്. ഞായറാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്ത് പലവട്ടം ചോദ്യം ചെയ്തെങ്കിലും പരസ്പരവിരുദ്ധമായാണു സംസാരിച്ചത്. അതിനിടെ, സ്ത്രീയുടെ ഫോണിലേക്ക് ബന്ധുക്കള്‍ വിളിച്ചപ്പോള്‍ കണ്ണൂരിലെ കെ.എസ്.ആർ.ടി.സി. കണ്ടക്ടറാണ് എടുത്തത്. ബസ്സില്‍ ഫോണുപേക്ഷിക്കാൻ അമ്ബലപ്പുഴയില്‍നിന്ന് എറണാകുളത്തേക്കു പോയതിന്റെയും തിരിച്ചുവന്നതിന്റെയും ബസ്ടിക്കറ്റ് പ്രതിയുടെ പഴ്സില്‍നിന്ന് പോലീസ് കണ്ടെടുത്തു.

ആറിനു രാത്രി 10 മണിയോടെ അമ്ബലപ്പുഴ ജങ്ഷനില്‍ ബസ്സിറങ്ങി ഇയാള്‍ സ്ത്രീയുമായി ഓട്ടോറിക്ഷയില്‍ വീട്ടിലേക്കു പോയതായും പോലീസ് കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ എത്തിച്ചപ്പോള്‍ മൃതദേഹം കുഴിച്ചിട്ടസ്ഥലം പ്രതി കാട്ടിക്കൊടുത്തു. കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ വീട്ടില്‍നിന്ന് കണ്ടെടുത്തു. മുറിയില്‍ രക്തക്കറയുണ്ടായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

കൊലപാതകത്തിന്റെ നാള്‍വഴി

അഴീക്കല്‍ ഹാർബറില്‍ മീൻവില്‍ക്കുന്ന വിജയലക്ഷ്മിയും അവിടെനിന്നു ബോട്ടില്‍പ്പോകുന്ന പ്രതി ജയചന്ദ്രനുമായി രണ്ടുവർഷമായി അടുപ്പത്തിലാണ്. വിജയലക്ഷ്മിക്ക് പ്രതി സാമ്ബത്തികസഹായം നല്‍കിയിരുന്നു. കൊലപാതകത്തിന്റെ അന്നുണ്ടായതും ശേഷവുമുള്ള സംഭവങ്ങളിങ്ങനെ.

  • നവംബർ ആറ് : വിജയലക്ഷ്മിയെ കരുനാഗപ്പള്ളിയില്‍നിന്നു കാണാതാകുന്നു. അന്നു രാത്രിയാണ് ജയചന്ദ്രൻ വീട്ടിലേക്ക് ഇവരെ കൊണ്ടുവരുന്നത്. അർധരാത്രിക്കുശേഷം നവംബർ ഏഴിനു പുലർച്ചെ ഒരുമണിയോടെയാണ് കൊല. വിജയലക്ഷ്മി തന്റെ മറ്റൊരു സുഹൃത്തായ സുധീഷിനോട് രാത്രിയില്‍ ഫോണില്‍ സംസാരിച്ചെന്ന തർക്കത്തെത്തുടർന്നാണ് ആക്രമണമുണ്ടായത്. മരണം ഉറപ്പിക്കാനായി തലയ്ക്കുപിന്നില്‍ വെട്ടി സ്വർണാഭരണങ്ങളെടുത്തശേഷം മൃതദേഹം കുഴിച്ചിടുന്നു.
  • നവംബർ 7-9 : വിജയലക്ഷ്മി ഒറ്റയ്ക്കു താമസിച്ചിരുന്ന കരുനാഗപ്പള്ളിയിലെ വാടകവീട്ടിലെ വെളിച്ചംകണ്ട് അയല്‍വാസികളും ബന്ധുക്കളും വിജയലക്ഷ്മിയെക്കുറിച്ച്‌ സുഹൃത്തായ സുധീഷിനോടു തിരക്കുന്നു. അറിയില്ലെന്നു മറുപടി.
  • നവംബർ 10 : വിജയലക്ഷ്മിയെ കാണാനില്ലെന്ന് അഴീക്കല്‍ തുറമുഖത്തെ പരിചയക്കാർ മറ്റൊരു സുഹൃത്തായ ജയചന്ദ്രനോടു സൂചിപ്പിക്കുന്നു. ഫോണ്‍ കൈയിലുള്ളത് സുരക്ഷിതമല്ലെന്നു മനസ്സിലാക്കി ഇയാള്‍ എറണാകുളത്തേക്കു പുറപ്പെടുന്നു. എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡില്‍ കണ്ണൂരിലേക്കുള്ള ബസ്സില്‍ വിജയലക്ഷ്മിയുടെ ഫോണ്‍ ഉപേക്ഷിച്ചശേഷം തന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തു മടക്കം. ഈ ഫോണ്‍ പിന്നീട് അമ്ബലപ്പുഴയിലെത്തിയാണ് ഓണ്‍ ചെയ്യുന്നത്. ഇതിനിടെ കെ.എസ്.ആർ.ടി.സി ബസ്സില്‍നിന്നു ഫോണ്‍ കണ്ടക്ടർക്കു ലഭിക്കുന്നു. ഇതിലേക്ക് വിജയലക്ഷ്മിയുടെ ബന്ധുക്കളുടെ വിളിവന്നതാണ് വഴിത്തിരിവായത്.
  • നവംബർ 13 : വിജയലക്ഷ്മിയുടെ ബന്ധുക്കള്‍ കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കുന്നു. പോലീസ് ഫോണ്‍വിളികളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ജയചന്ദ്രനിലേക്കെത്തിയത്.
  • ഇയാളില്‍നിന്ന് എറണാകുളത്തുപോയിവന്ന കെ.എസ്.ആർ.ടി.സി. ബസ് ടിക്കറ്റുകള്‍ കണ്ടെത്തി.
  • നവംബർ 16 : ജയചന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യല്‍
  • നവംബർ 19 : ജയചന്ദ്രന്റെ വീടിനുസമീപത്തെ പറമ്ബില്‍ കുഴിച്ചിട്ടനിലയില്‍ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തുന്നു.

തലയ്ക്കുപിന്നില്‍ വെട്ടേറ്റത് മരണകാരണം

വിജയലക്ഷ്മിയുടെ തലയ്ക്കു പിന്നിലുണ്ടായ മാരകമായ പരിക്കുകളാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്കു പിന്നില്‍ വെട്ടുകത്തികൊണ്ടുള്ള വെട്ടേറ്റ് ആഴത്തിലുള്ള പത്തോളം മുറിവുകളുണ്ട്. കൂടാതെ, വെട്ടുകത്തി തിരിച്ചുപിടിച്ചും തലയ്ക്കടിച്ച്‌ മാരകമായ പരിക്കേല്‍പ്പിച്ചു. ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്താനുള്ള ശ്രമം നടന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം.

പോലീസിന്റെ മികവില്‍ പ്രതിയുടെ നീക്കം പിഴച്ചു

അഞ്ചുദിവസം നീണ്ട അന്വേഷണം. ഒടുവില്‍ കൊലപാതകചിത്രം തെളിഞ്ഞു. കരുനാഗപ്പള്ളി പോലീസിന്റെ സമർഥമായ നീക്കങ്ങളാണ് അമ്ബലപ്പുഴയിലെ കൊലപാതകക്കേസില്‍ നിർണായകമായത്. കൊല്ലം പോലീസ് കമ്മിഷണർ ചൈത്രാ തെരേസ ജോണിന്റെ മേല്‍നോട്ടത്തില്‍ എ.സി.പി. അഞ്ജലി ഭാവന, കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജു, എസ്.ഐ.മാരായ എം. ഷമീർ, കണ്ണൻ, ഷാജിമോൻ, വേണു, ജോയ്, എസ്.സി.പി.ഒ.മാരായ രാജീവ്, ഹാഷിം, അനിത, ബിന്ദു എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

സംഘം അമ്ബലപ്പുഴ പോലീസിന്റെ സഹായത്തോടെ പലവട്ടം സ്ഥലത്തെത്തി വിവരം ശേഖരിച്ചു. ആലപ്പുഴ എസ്.പി. എം.പി. മോഹനചന്ദ്രൻ ചൊവ്വാഴ്ച സ്ഥലത്തെത്തിയിരുന്നു. അമ്ബലപ്പുഴ ഡിവൈ.എസ്.പി. എൻ.കെ. രാജേഷ്, ഇൻസ്പെക്ടർ എം. പ്രതീഷ്കുമാർ എന്നിവരുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി പോലീസിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തു. അമ്ബലപ്പുഴ തഹസില്‍ദാർ അൻവറിന്റെ നേതൃത്വത്തിലാണ് മൃതദേഹപരിശോധന നടത്തിയത്. ഡിവൈ.എസ്.പി. എം.ആർ. മധുബാബുവും സ്ഥലത്തെത്തി. കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തു. സംഭവം നടന്നത് കരൂരിലായതിനാല്‍ അന്വേഷണച്ചുമതല അമ്ബലപ്പുഴ പോലീസിനു കൈമാറാനും സാധ്യതയുണ്ട്.

അന്വേഷണം അമ്ബലപ്പുഴ പോലീസിനു കൈമാറും

വിജയലക്ഷ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അമ്ബലപ്പുഴ പോലീസിനു കൈമാറും. വിജയലക്ഷ്മിയെ കാണാനില്ലെന്ന പരാതി ലഭിച്ചത് കരുനാഗപ്പള്ളി പോലീസിനായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുറ്റകൃത്യത്തിന്റെ ചുരുളഴിയുന്നത്. പ്രതി ജയചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ചൊവ്വാഴ്ച രാത്രിയോടെ കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി റിമാൻഡ് ചെയ്തു. എന്നാല്‍, കുറ്റകൃത്യം നടന്നത് അമ്ബലപ്പുഴ പോലീസ് പരിധിയില്‍ ആയതിനാല്‍ തുടർന്നുള്ള അന്വേഷണം അമ്ബലപ്പുഴ പോലീസാകും നടത്തുക. എഫ്.ഐ.ആർ. ഉള്‍പ്പെടെ അമ്ബലപ്പുഴ പോലീസിനു കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *